യുഎസ് നാവിക സേനാ മേധാവിയായി ലിസ ഫ്രാങ്കെറ്റിയെ നിയമിച്ച് ബൈ‍ഡൻ

വാഷിങ്ടൻ : സൈന്യത്തിലെ ജെൻഡർ തുല്യതയിൽ യുഎസിന്റെ പുതിയ ചുവടുവയ്പ്. അഡ്മിറൽ ലിസ ഫ്രാങ്കെറ്റിയെ നാവികസേനാ മേധാവിയായി യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡൻ നിയമിച്ചു. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ശുപാർശ ചെയ്തയാളെ ഒഴിവാക്കിയാണു നിയമനം.

രാജ്യത്തു സേനാമേധാവിയും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അംഗവുമാകുന്ന ആദ്യ വനിതയാണ് ലിസ ഫ്രാങ്കെറ്റി. നിലവിൽ ഓപ്പറേഷൻസ് ഉപമേധാവിയാണ്. ദക്ഷിണ കൊറിയയിലെ യുഎസ് നാവിക കമാൻഡിനെ നയിച്ചിരുന്നു. യുഎസ് കോസ്റ്റ് ഗാർഡ് മേധാവിയായി അഡ്മിറൽ ലിൻഡ ഫാഗൻ കഴിഞ്ഞകൊല്ലം നിയമിതയായിരുന്നെങ്കിലും കോസ്റ്റ് ഗാർഡ് പ്രതിരോധവകുപ്പിനു കീഴിലല്ല. സിഐഎ മേധാവി വില്യം ബേൺസിനെ ബൈഡൻ കാബിനറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ലിസയുടെ നിയമനത്തിനു സെനറ്റിന്റെ അനുമതി കൂടി വേണമെന്നിരിക്കെ, റിപ്പബ്ലിക്കൻ സെനറ്റർ ടോമി ട്യൂബർവില്ലിന്റെ നിലപാട് ഭീഷണിയാണ്. ഗർഭഛിദ്രത്തിനു പോകുന്ന ഉദ്യോഗസ്ഥകൾക്കു യാത്രച്ചെലവ് അനുവദിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ഉന്നത സൈനിക നിയമനങ്ങൾക്കെല്ലാം അനുമതി തടയുകയാണ് ട്യൂബർവിൽ. ഒരു സെനറ്ററെങ്കിലും എതിർത്താൽ നടപടികൾ വൈകിക്കാം.

Top