അമേരിക്കയിൽ നടന്ന സ്കൂൾ വെടിവെപ്പിനെതിരെ പ്രതികരണവുമായി ജോ ബൈഡൻ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെന്നിസിയിലുണ്ടായ വെടിവെപ്പിൽ പ്രതികരണവുമായി പ്രസിഡന്റ് ജോ ബൈഡൻ. ഇതൊരു രോ​ഗമാണെന്ന് വെടിവെപ്പിനെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞു. തോക്ക് കൊണ്ടുള്ള ആക്രമണത്തിനെതിരെ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണ് ചെയ്യുന്നതെന്നും ജോ ബൈഡൻ പറഞ്ഞു.

ഇതൊരു അസുഖമാണ്. എന്താണ് എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. കുട്ടികളല്ലാതെ നിരവധി ആളുകളുണ്ടെന്ന് അറിയാം. ഇത് ഹൃദയഭേദകമാണ്. കുടുംബത്തിന്റെ പേടിസ്വപ്നമായിപ്പോയി-ബൈഡൻ പറഞ്ഞു. സ്ഥിതിഗതികൾ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തോക്ക് അക്രമം തടയാൻ ഞങ്ങൾ കൂടുതൽ ചെയ്യേണ്ടതുണ്ട്. ഇത് നമ്മുടെ സമൂഹങ്ങളെ ശിഥിലമാക്കുന്നു, ഈ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുന്നു. നമ്മുടെ സ്‌കൂളുകൾ ജയിലുകളായി മാറാതിരിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്ന് കുട്ടികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്. നാഷ്‌വില്ലിയിലെ സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ നിരവധി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമി 28 കാരിയായ ഓഡ്രി ഹേൽ എന്ന പൂർവ്വ വിദ്യാർത്ഥിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ വധിച്ചെന്ന് നാഷ്‌വില്ലി പൊലീസ് അറിയിച്ചു.

പരുക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവസമയത്ത് 200ഓളം കുട്ടികള്‍ സ്‌കൂളിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കയിൽ വെടിവെപ്പ് സർവ്വ സാധാരണമായ സംഭവമായിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് വ്യത്യസ്ഥ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്.

Top