വാഷിംഗ്ടണ്‍: ഹമാസ്-ഇസ്രായേല്‍ ഏറ്റുമുട്ടലില്‍ 11 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. യു.എസ്. ദേശീയ സുരക്ഷാ കൗണ്‍സില്‍ നേരത്തെ അറിയിച്ചതില്‍ നിന്നും മരണസംഖ്യയില്‍ വര്‍ധനവുണ്ടായതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ചയാണ് ഹമാസ്-ഇസ്രായേല്‍ ഏറ്റുമുട്ടലില്‍ തുടങ്ങിയത്.
ഹമാസ് ബന്ദികളാക്കിയവരില്‍ അമേരിക്കക്കാരും ഉണ്ടാകുമെന്നാണ് യു.എസ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ഇസ്രയേലുമായി ബന്ധപ്പെട്ടു വരികയാണെന്നും ബന്ദികളെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും ബൈഡന്‍ പറഞ്ഞു.രാജ്യത്തെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു.
അതിനിടെ, ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ 12 തായ് പൗരന്മാര്‍ കൊല്ലപ്പെട്ടതായി തായ്‌ലന്‍ഡ് വിദേശകാര്യ മന്ത്രാലയം ബാങ്കോക്കില്‍ അറിയിച്ചു. എട്ട് തായ് പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രായേലില്‍ കുടുങ്ങിയ തൊഴിലാളികളെ ഒഴിപ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചതായി വക്താവിനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 30,000 തായ് തൊഴിലാളികള്‍ ഇസ്രായേലിലുണ്ട്.