ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാൻ റാങ്കിംഗില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ആദ്യ മൂന്നില്‍. ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ ഇരട്ട സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനവുമാണ് റൂട്ടിന് മൂന്നാം സ്ഥാനം സമ്മാനിച്ചത്. രണ്ട് സ്ഥാനങ്ങളാണ് താരം മെച്ചപ്പെടുത്തിയത്. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി. നിലവിൽ കോലി അഞ്ചാം സ്ഥാനത്തും പൂജാര ഏഴാമതുമാണ്. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ആദ്യ പത്തില്‍ നിന്ന് പുറത്തായി.
ന്യൂസിലൻഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനാണ് ഒന്നാമത്. ഒസീസ് താരം സ്റ്റീവ് സ്മിത്ത് രണ്ടാം സ്ഥാനത്തും. റൂട്ടിന് പിറകില്‍ നാലാമതായി ഒസീസ് താരം മര്‍നസ് ലബുഷെയ്‌നുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ന്യൂസിലന്‍ഡ് താരം ഹെന്റി നിക്കോള്‍സ്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ യഥാക്രമം എട്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുണ്ട്.
ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ബൗളര്‍മാരുടെ റാങ്കിംഗില്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാമതെത്തി. ഒസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡാണ് രണ്ടാമത്. ഇന്ത്യന്‍ ബൗളര്‍മാരായ ആര്‍ അശ്വിനും ജസ്പ്രിത് ബുമ്രയും ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. അശ്വിന്‍ ഏഴാമതും ബുമ്ര എട്ടാം സ്ഥാനത്തുമാണ്.
കിവീസ് പേസര്‍ നീല്‍ വാഗ്നര്‍, ഓസീസ് താരം ജോഷ് ഹേസല്‍വുഡ്, കിവീസിന്റെ തന്നെ ടിം സൗത്തി എന്നിവരാണ് നാല് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ ഒമ്പതിലും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ പത്താം സ്ഥാനത്തുമാണ്.