ന്യൂഡല്‍ഹി: ഐഎസ്എല്‍ സംഘാടകരെ രൂക്ഷമായി വിമര്‍ശിച്ച് ചെന്നൈയിന്‍ എഫ്‌സി മാനേജര്‍ ജോണ്‍ ഗ്രിഗറി.
ഞായറാഴ്ച നടന്ന ഐഎസ്എല്‍ മത്സരത്തില്‍ മുംബൈ എഫ്‌സിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഐഎസ്എല്‍ സംഘാടകര്‍ക്കെതിരെയുള്ള ഗ്രിഗറിയുടെ പരാമര്‍ശം.
ചെന്നൈ എഫ്‌സിക്ക് എട്ടു ദിവസത്തിനിടെയുള്ള മൂന്നാമത്തെ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്.
മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം എവേ മത്സരങ്ങളുമായിരുന്നതിനാല്‍ സൂപ്പര്‍ താരങ്ങളായ ജെജെ, റാഫേല്‍ അഗസ്റ്റോ എന്നിവര്‍ കളത്തിലിറങ്ങാതെയായിരുന്നു മത്സരം.
അതേസമയം മുംബൈ മത്സരത്തിനിറങ്ങിയത് ഏഴു ദിവസത്തെ വിശ്രമത്തിനു ശേഷമാണ്. മത്സരശേഷം ഐഎസ്എല്ലിന്റെ സംഘാടന രീതി ശരിയല്ലെന്ന് ഗ്രിഗറി പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ മത്സരം ഞങ്ങള്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ മത്സര ക്രമങ്ങള്‍ കാരണം ഞങ്ങള്‍ക്കു രണ്ടു മികച്ച താരങ്ങളെ ബെഞ്ചിലിരുത്തേണ്ടി വന്നുവെന്നും ഗ്രിഗറി വ്യക്തമാക്കി.
ഇത്തരം മത്സരക്രമങ്ങള്‍ കാരണം കളിക്കാര്‍ തളര്‍ന്നു പോവുന്നുവെന്നും പല ടീമുകള്‍ക്കും മുന്‍തൂക്കം കിട്ടുന്നുവെന്നും ഗ്രിഗറി പറഞ്ഞു.
ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വലിയ ടൂര്‍ണ്ണമെന്റുകള്‍ നടത്തുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐഎസ്എല്‍ സംഘാടനത്തിന്റെ പോരായ്മകളെ വിമര്‍ശിച്ചുകൊണ്ട് ഇതിനു മുന്‍പും മാനേജര്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്.