ജോണ്‍സണ്‍ വാക്സിന്റെ രണ്ട് ലക്ഷം ഡോസുകള്‍ എത്തുമെന്ന് ഒമാന്‍

മസ്‌ക്കറ്റ്: കൊവിഡ് വൈറസിനെതിരായ പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്ന ഒമാനില്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ രണ്ടു ലക്ഷം ഡോസ് മൂന്നു മാസത്തിനകം എത്തുമെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ നിന്നെത്തിയ ഓക്സ്ഫോഡ് ആസ്ട്രസെനെക്ക വാക്സിന്‍ എടുക്കാന്‍ ചിലര്‍ കാണിക്കുന്ന വിമുഖതയെ മന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ജനങ്ങളുടെ എല്ലാ വിധ സുരക്ഷയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഒമാന്‍ ഭരണകൂടം വാക്സിന് അനുമതി നല്‍കുകയുള്ളൂ.

രാജ്യത്തിലെ സ്വദേശികളും പ്രവാസികളും വാക്സിനെടുക്കാന്‍ മുന്നോട്ടുവരണം. ലോകത്തിന്റെ ഒരു ഭാഗത്തും വാക്സിന്‍ എടുത്തത് കാരണം എന്തെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇതുവരെ അറിവില്ലെന്നും മന്ത്രി അറിയിച്ചു. നിലവില്‍ രാജ്യത്തെ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിട്ടുമാറാത്ത ഗുരുതര അസുഖങ്ങളുള്ളവര്‍ക്കമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. മുന്‍ഗണനാ വിഭാഗത്തിലെ 30 ശതമാനത്തിലേറെ പേര്‍ ഇതിനകം വാക്സിന്‍ എടുത്തുകഴിഞ്ഞു. എല്ലാ ഗവര്‍ണറേറ്റിലും ഇതിനകം വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞായും മന്ത്രി പറഞ്ഞു. ആസ്ട്രസെനെക്ക കൂടാതെ ഫൈസര്‍ വാക്സിനും ഒമാനില്‍ വിതരണം ചെയ്യുന്നുണ്ട്. ഫൈസര്‍ വാക്സിന് താല്‍ക്കാലിക ക്ഷാമം നേരിട്ടതിനെ തുടര്‍ന്നാണ് ആസ്ട്രസെനെക്ക വാക്സിന്‍ വിതരണം അധികൃതര്‍ ആരംഭിച്ചത്.

 

 

Top