Johnson & Johnson to pay $72m in case linking baby powder to ovarian cancer

ലണ്ടന്‍: അര്‍ബുദം ബാധിച്ച് യുവതി മരിച്ച സംഭവത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് 720 ലക്ഷം ഡോളര്‍ പിഴ. അര്‍ബുദരോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ബര്‍ക്കിങ്ഹാം സ്വദേശി ജാക്കി ഫോക്‌സ് എന്ന യുവതി മരിച്ചത്. 30 വര്‍ഷത്തോളമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ബേബി പൌഡറും മറ്റുത്പ്പന്നങ്ങളുമാണ് ജാക്കി ഉപയോഗിച്ചിരുന്നത്.

വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ടാല്‍കം പൌഡറുള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചതാണ് അര്‍ബുദകാരണമെന്ന് കാണിച്ച് യുവതിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കോടതിവിധി.

10 മില്ല്യണ്‍ ഡോളര്‍ ഫോക്‌സിന്റെ കുടുംബത്തിന് കമ്പനി നഷ്ടപരിഹാരം നല്‍കണം. ശേഷിക്കുന്ന 62 മില്ല്യണ്‍ ഡോളര്‍ കമ്പനി പിഴയൊടുക്കണം .നിലവില്‍ 1200 കേസുകളാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേരിടുന്നത്.

വിധിക്കെതിരെ അപ്പീല്‍ പോകാനാകുമോ എന്ന് പരിശോധിക്കുമെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത് കെയര്‍ ഉത്പ്പന്ന നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിനെതിരെ മുന്‍പും സമാനമായ പരാതികളുയര്‍ന്നിരുന്നു.

കമ്പനിയുടെ ഉത്പന്നങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് അറിയാമായിരുന്നിട്ടും ഈ വിവരം ഉപഭോക്താക്കളെ അറിയിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു. ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്ന ലേബല്‍ പതിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Top