ന്യൂയോർക്ക് : ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ കൊറോണ പ്രതിരോധ വാക്സിൻ കയറ്റുമതി നിർത്തിവെച്ച് അമേരിക്ക. വാക്‌സിൻ ഉപയോഗ ശൂന്യമായതിനെ തുടർന്നാണ് കയറ്റുമതി നിർത്തിവെച്ചത്. ആസ്ട്രാസെനേകയുടെയും, ജോൺസൺ ആന്റ് ജോൺസണിന്റെയും സഹകരണത്തോടെ ഇമിഗ്രന്റ് ബയോസൊല്യൂഷൻസ് ആണ് വാക്‌സിൻ നിർമ്മിക്കുന്നത്.
വാക്‌സിൻ ചേരുവകൾ തമ്മിൽ മാറിപ്പോയതാണ് വാക്‌സിൻ ഉപയോഗ ശൂന്യമാകാൻ കാരണമായത്. 15 മില്യൺ വാക്‌സിൻ ഡോസുകൾ നാശമായി. അമേരിക്കയിലെ ബാൾട്ടിമോറിലെ നിർമ്മാണ ശാലയിലാണ് വാക്‌സിൻ നിർമ്മിക്കുന്നത്. ആസ്ട്രാസെനേകാ വാക്‌സിനും ഇതേ കേന്ദ്രത്തിൽ തന്നെയാണ് നിർമ്മിക്കുന്നത്. ഇരു വാക്‌സിനുകളുടെയും ചേരുവകളാണ് പരസ്പരം മാറിപ്പോയത്.
അതേസമയം വാക്‌സിൻ ഡോസുകളിൽ ഉണ്ടായ കുറവ് അമേരിക്കയുടെ വാക്‌സിനേഷൻ പ്രക്രിയയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒറ്റ് ഡോസ് മാത്രമുള്ള വാക്‌സിനാണ് ജോൺസൺ ആന്റ് ജോൺസൺ.