കൊച്ചി: അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ കടുത്ത പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്. കോണ്‍ഗ്രസ് കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ചതിയാണ് കോണ്‍ഗ്രസ് കാണിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിറവം സീറ്റ് മാത്രമാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന് നല്‍കിയത്. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു.
പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. അപമാനിതനായെന്ന് കരുതി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ല. പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ജോണി നെല്ലൂര്‍ കൂട്ടിച്ചേര്‍ത്തു. അങ്കമാലി സീറ്റ് നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. നാല് സീറ്റുകളില്‍ മത്സരിച്ചിരുന്ന പാര്‍ട്ടിയാണ്. യുഡിഎഫിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ യുഡിഎഫിനും മന്ത്രിമാര്‍ക്കും വേണ്ടി ശക്തമായി പോരാടിച്ച ആളാണ് താനെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
യുഡിഎഫിന് വേണ്ടി ഇക്കാലമത്രയും ശക്തമായ പോരാട്ടം നടത്തിയ വ്യക്തിയെന്ന നിലയില്‍ യുഡിഎഫ് കാണിക്കുന്ന അനീതി എത്ര വലുതാണെന്ന് ജനങ്ങളും മാധ്യമങ്ങളും ചര്‍ച്ച ചെയ്യട്ടേ. വൈകിട്ടത്തെ യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് നടന്ന നിര്‍ണ്ണയാക കൂടിക്കാഴ്ചയില്‍ സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ട് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ ജോണി നെല്ലൂരിനെ അറിയിച്ചിരുന്നു. പകരം മൂവാറ്റുപുഴ സീറ്റെന്ന ജേക്കബ് ഗ്രൂപ്പിന്റെ ആവശ്യവും കോണ്‍ഗ്രസ് തള്ളി. കടുത്ത നിരാശയുണ്ടെന്ന് ജോണി നെല്ലൂര്‍ പറഞ്ഞപ്പോള്‍, സീറ്റ് നല്‍കുന്നതിലെ ബുദ്ധിമുട്ടുകള്‍ ജോണിനെല്ലൂരിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു തങ്കച്ചന്റെ പ്രതികരണം.
അനൂപ് ജേക്കബ് അടക്കമുള്ളവരുമായി കൂടിയാലോചനകള്‍ നടത്തി ഇന്ന് ഭാവി നിലപാട് ജോണി നെല്ലൂര്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.