ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന്

ന്യൂഡല്‍ഹി: ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇന്ന്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം ചേരുക. സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ അഞ്ച് മുതിര്‍ന്ന കര്‍ഷക നേതാക്കളുടെ സമിതിയെ കിസാന്‍ മോര്‍ച്ച നിയോഗിച്ചിരുന്നു.

എന്നാല്‍ ചര്‍ച്ച സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് സമിതിക്ക് ഇതുവരെ ആശയവിനിമയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം കൂടൂതല്‍ ശക്തമാക്കാനും അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകരെ എത്തിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. സര്‍ക്കാരുമായി ചര്‍ച്ച നടക്കാതെ അതിര്‍ത്തികളിലെ സമര രീതി മാറ്റേണ്ടെന്ന നിലപാടിലാണ് സംഘടനകള്‍.

അതേസമയം, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനാല്‍ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷകസംഘടനകളുടെ അഭിപ്രായം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാര്‍ലമെന്റെ്, പിന്‍വലിക്കല്‍ ബില്‍ പാസാക്കിയിരുന്നു. കേന്ദ്രം ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ അതിര്‍ത്തിയിലെ ഉപരോധ സമരം തുടരുന്നതില്‍ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.

Top