കടല്‍മാര്‍ഗ്ഗമുള്ള ഭീഷണി നേരിടാന്‍ പെനിന്‍സുല കമാന്‍ഡ്, ജമ്മു കശ്മീരിനായി പ്രത്യേക കമാന്‍ഡ്, ചൈനയെ നിരീക്ഷിക്കുന്ന ഒരു കമാന്‍ഡ് എന്നിവയാണ് സംയുക്ത തീയേറ്റര്‍ കമാന്‍ഡുകളുടെ ഭാഗമായി വരുന്ന സുപ്രധാന പുനഃസംഘടനാ നടപടികളെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്.
സൈന്യത്തിനുള്ള സംയുക്ത കമാന്‍ഡുകള്‍ 2022ഓടെ പ്രാവര്‍ത്തികമാക്കും. ജമ്മു കശ്മീരിനായി പ്രത്യേക മേഖല വേണമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്, സിഡിഎസ് കൂട്ടിച്ചേര്‍ത്തു. സമുദ്രസുരക്ഷ കൈകാര്യം ചെയ്യുന്ന നേവിയുടെ കീഴിലുള്ള പെനിന്‍സുല കമാന്‍ഡ് നേരത്തെ തന്നെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.
‘ഇതുസംബന്ധിച്ച പഠനം മൂന്നുനാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. വര്‍ഷാവസാനത്തോടെ ഒരു നേവി കമാന്‍ഡര്‍ക്ക് കീഴിലുള്ള കമാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കണം’, ജനറല്‍ റാവത്ത് വ്യക്തമാക്കി. രണ്ട് മുതല്‍ അഞ്ച് കമാന്‍ഡുകളെ വരെ ഇതിന് വ്യത്യാസം വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022നകം തന്നെ തീയേറ്റര്‍ കമാന്‍ഡും പ്രാവര്‍ത്തികമാക്കണം, ജനറല്‍ റാവത്ത് പറഞ്ഞു.
കരസേന, നാവിക സേന, വ്യോമസേന എന്നിവയെ സംയോജിപ്പിച്ച് പ്രവര്‍ത്തനം നടത്തുകയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ചുമതല. നിലവില്‍ 19 കമാന്‍ഡുകളാണ് ഇന്ത്യക്കുള്ളത്. ഇതില്‍ രണ്ടെണ്ണം മാത്രം മൂന്ന് സര്‍വ്വീസുകളുടെ കമാന്‍ഡുകളായി പ്രവര്‍ത്തിക്കുന്നത്. ആന്‍ഡമാന്‍ & നിക്കോബാര്‍ കമാന്‍ഡ്, ആണവ വസ്തുക്കളുടെ ഇന്‍ചാര്‍ജ്ജായ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡ് എന്നിവയാണത്.