സിയോള്‍: ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്ക് തുടക്കമായി. 130 യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടുന്ന അഭ്യാസ പ്രകടനത്തിന് തിങ്കളാഴ്ചയാണ് തുടക്കമായത്. സംയുക്ത വ്യോമ അഭ്യാസ പരിശീലനവും പ്രകടനവുമാണ് നിലവില്‍ നടക്കുന്നത്. യുദ്ധ സമാന സാഹചര്യങ്ങളെ നേരിടുന്നതിന് സജ്ജമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അഭ്യാസ പ്രകടനം.
സദാസമയവും പ്രതിരോധ സജ്ജമാണെന്നും ആവശ്യ ഘട്ടങ്ങളില്‍ ശത്രുവിന്റെ പ്രകോപനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഈ പരിശീലനങ്ങളിലൂടെ സാധിക്കുമെന്നാണ് പ്രസ്താവനയില്‍ ദക്ഷിണ കൊറിയന്‍ സൈന്യം വിശദമാക്കുന്നത്. റഷ്യയുമായി ഉത്തര കൊറിയ സൈനിക സഹകരണം നടത്തുന്ന സാഹചര്യത്തിലാണ് അമേരിക്ക ദക്ഷിണ കൊറിയ സൈനിക അഭ്യാസമെന്നതും ശ്രദ്ധേയമാണ്. സംയുക്ത സൈനിക അഭ്യാസത്തെ ഉത്തര കൊറിയ ഇതിനോടകം അപലപിച്ചിട്ടുണ്ട്.
വിജിലന്റ് ഡിഫന്‍സ് എന്ന പേരിലാണ് വാര്‍ഷിക അഭ്യാസം നടത്തുന്നത്. വെള്ളിയാഴ്ച വരെയാണ് സെനിക അഭ്യാസം നടക്കുക. ദക്ഷിണ കൊറിയയിലേയും അമേരിക്കയിലേയും എഫ് 35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ വിമാനങ്ങള്‍ അടക്കം ഈ വാര്‍ഷിക അഭ്യാസ പ്രകടനങ്ങളുടെ ഭാഗമാകുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ വിശദമാക്കുന്നത്. എയര്‍ സര്‍ഫേസ് ലൈവ് ഫയര്‍ ഡ്രില്ലുകളും അടിയന്തര ഘട്ടങ്ങളിലെ വ്യോമ പ്രതിരോധവും അഭ്യാസ പ്രകടനങ്ങളിലുള്‍പ്പെടുത്തിയിട്ടുണ്ട്.