കൊച്ചി: ഇടപ്പള്ളി-വൈറ്റില ദേശീയപാതയില്‍ ഇന്നുണ്ടായ സംഭവം രാഷ്ട്രീയ പ്രശ്‌നമായി എടുത്ത് ആഘോഷിക്കരുതെന്ന് അഭ്യര്‍ഥനയുമായി നടന്‍ ജോജു ജോര്‍ജ്. വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ചതിനു പിന്നാലെയുണ്ടായ സംഭവങ്ങള്‍ക്കു ശേഷം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് ജോജു മാധ്യമങ്ങളോടു സംസാരിച്ചത്.
എനിക്ക് വീട്ടില്‍ കുടുംബം ഉണ്ട്, ഇവരോടു തല്ലുപിടിക്കാന്‍ ധൈര്യമില്ല. പാര്‍ട്ടിക്ക് എതിരായി പറഞ്ഞതല്ല. കോണ്‍ഗ്രസുകാര്‍ മൊത്തം ഇടിക്കാന്‍ നടക്കുന്നതു പോലത്തെ പരിപാടിയായി അവസാനം ഇതു മാറരുത്. ഇതൊന്നും ശീലമില്ലാത്ത കാര്യങ്ങളാണ്. കീമോയ്ക്കു കൊണ്ടുപോകുന്ന രോഗി വണ്ടിയുടെ അടുത്തുണ്ടായിരുന്നു. അതുകൊണ്ടു പ്രതികരിച്ചതാണ്. അതിന്റെ പേരില്‍ ഇത്ര നേരമായി പൊലീസ് സ്റ്റേഷനില്‍ ഇരിക്കുകയാണ്. ഒരു മാധ്യമത്തിലും ഇനി വരാന്‍ താല്‍പര്യമില്ലെന്നും ജോജു വ്യക്തമാക്കി.
ഇതിന്റെ പേരില്‍ ഷൈന്‍ ചെയ്യാന്‍ ഉദ്ദേശ്യമില്ല. ഷൈന്‍ ചെയ്യാന്‍ വേണ്ടിത്തന്നെയാണ് സിനിമയില്‍ വന്നത്. സിനിമാ നടനായി. പിന്നെ എന്തു ഷൈന്‍ ചെയ്യാനാണ്? റോഡ് ഉപരോധിക്കരുതെന്ന് ഹൈക്കോടതിയുടെ നിയമം നിലനില്‍ക്കുന്ന നാടാണ് ഇത്. ചൂടത്ത് എസി ഇട്ട് കാറില്‍ ഇരിക്കാന്‍ എത്രപേര്‍ക്കു കഴിയും? ഇതു പോക്രിത്തരമാണെന്നു പറഞ്ഞതാണ്. അതാണ് കുറ്റമായത്.
അവിടെയുണ്ടായിരുന്ന മൂന്നാല് പ്രധാന നേതാക്കള്‍ അപ്പനെയും അമ്മയെയും പച്ചത്തെറി വിളിച്ചു. അവരെന്താണ് ചെയ്തത്? ഞാന്‍ സിനിമാ നടനാണ് എന്നുള്ളത് വിടൂ. സിനിമാ നടനായതു കൊണ്ട് ഇതൊന്നും പറയരുതെന്നുണ്ടോ. റോഡ് ഉപരോധിച്ചവരോട് കാണിച്ച പ്രതിഷേധമാണ്. ഉപദ്രവിച്ചതിനും അധിക്ഷേപം പറഞ്ഞതിനും മാതാപിതാക്കളെ പറഞ്ഞതിനും കേസുകൊടുക്കും. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും ഇത് ഏറ്റെടുത്ത് പ്രശ്‌നമുണ്ടാക്കരുതെന്നും ജോജു പറഞ്ഞു.