ജോജു ജോര്‍ജ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രം തൃശൂരില്‍ ആരംഭിച്ചു. പണി എന്ന് പേര് നല്‍കീയിരിക്കുന്ന ചിത്രത്തില്‍ ജോജു തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എം റിയാസ് ആദവും സിജോ വടക്കനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജോജുവും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേണുവാണ് സിനിമയുടെ ഛായാഗ്രഹണം. ഒരു ഇടവേളയ്ക്ക് ശേഷം വേണു ഛായാഗ്രഹണം നിര്‍വ്വഹിച്ച പുലിമടയില്‍ ജോജു ജോര്‍ജ് ആയിരുന്നു നായകനായി അഭിനയിച്ചത്. തൃശൂര്‍ നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാതലം എന്നാണ് സൂചനകള്‍. നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം.
അതേസമയം എ കെ സാജന്‍ സംവിധാനം ചെയ്ത പുലിമട ഒക്ടോബര്‍ 26 ന് റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഐന്‍സ്റ്റീന്‍ മീഡിയ, ലാന്‍ഡ് സിനിമാസ് എന്നീ ബാനറുകളില്‍ ഐന്‍സ്റ്റീന്‍ സാക് പോള്‍, രാജേഷ് ദാമോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് പുലിമട നിര്‍മ്മിക്കുന്നത്.