കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി പമ്പരകൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ തുടര്‍ന്ന് ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം. അതേ സമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സയനൈയ്ഡ് ഉപയോഗിച്ച് 17 വര്‍ഷങ്ങള്‍ക്കിടെ 6 കൊലപാതകങ്ങളാണ് കൂടത്തായി കൊലപാതക പരമ്പരയില്‍ നടന്നത്. ജോളിയുടെ ആദ്യത്തെ ഇര ആദ്യഭര്‍ത്താവിന്റെ അമ്മ അന്നമ്മയാണ്. 2002 ഓഗസ്റ്റ് 22നായിരുന്നു ഇത്. ആട്ടിന്‍ സൂപ്പില്‍ നായയെ കൊല്ലാനുള്ള വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം.
ആറ് വര്‍ഷത്തിന് ശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോ തോമസ്, 2011 സെപ്റ്റംബറിലാണ് ജോളി ഭര്‍ത്താവ് റോയ് തോമസ്,2014 ഫെബ്രുവരിയില്‍ മാത്യു മഞ്ചാടി, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകളായ ഒന്നര വയസുകാരി ആല്‍ഫൈന്‍, ഷാജുവിന്റെ ആദ്യ ഭാര്യ സിലി എന്നിവരെയാണ് ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.