വടകര : കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാനപ്രതി ജോളി ഷാജുവിന്റ ഒന്നര വയസ്സുള്ള കുട്ടി ആല്‍ഫൈനിന്റെ കൊലപാതകം സമ്മതിച്ചതായി അന്വേഷണസംഘം. ആല്‍ഫൈനായി കരുതിവെച്ച ബ്രെഡില്‍ ജോളി സയനൈഡ് പുരട്ടുകയായിരുന്നു. പക്ഷെ ബ്രെഡ് നല്‍കിയത് ഷാജുവിന്റെ സഹോദരിയാണെന്നും അന്വേഷണസംഘം പറഞ്ഞു.
ഷാജുവിന്റെ സഹോദരിയാണ് ആല്‍ഫൈനായി ബ്രെഡ് കരുതിവെച്ചിരുന്നത്. ഈ ബ്രഡ്ഡില്‍ കയ്യില്‍ കരുതിയ സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി ബ്രെഡ്ഡില്‍ പുരട്ടുകയായിരുന്നു.ഷാജുവുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട ജോളി ഇതിന് ആല്‍ഫൈന്‍ തടസ്സമാകുമെന്ന് കണ്ടതിനാലാണ് കൊന്നതെന്നും സമ്മതിച്ചിട്ടുണ്ട്.
ജോളിയില്‍നിന്ന് ആവശ്യമുള്ള തെളിവുകളെല്ലാം കിട്ടിയതായും ഇത് കേസന്വേഷണത്തില്‍ ഏറെ സംതൃപ്തി നല്‍കുന്നതായും റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞു. ഇതോടെ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ജോളി ആണെന്ന കാര്യം വ്യക്തമായി.ഇന്ന് രാവിലെ മുതല്‍ വടകര റൂറല്‍ എസ്പി ഓഫീസില്‍ ജോളിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.