കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ സിസിടിവി സ്ഥാപിക്കണമെന്ന് നിര്‍ദേശം. ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലിലാണ് അടിയന്തരമായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം, ജോളി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയിലില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
ജോളിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജില്ലാ ജയിലിലെ സെല്ലില്‍ നൈറ്റ് വിഷന്‍ സംവിധാനമുള്ള ഹൈ ക്വാളിറ്റി ക്യാമറ സ്ഥാപിക്കണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഈ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം നിരീക്ഷിക്കാനാവുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. എത്രയും വേഗം ക്യാമറ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോളിയുടെ ആത്മഹത്യാ ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഡിജിപിയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണം നടന്നത്. വടക്കന്‍ മേഖലാ ജയില്‍ ഡിഐജി വിനോദ് കുമാറാണ് അന്വേഷണം നടത്തിയത്. മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരുന്നതെങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ജയിലില്‍ ജോളിയുടെ നിരീക്ഷണത്തിനായി ഒരു ഉദ്യോഗസ്ഥയെക്കൂടി കൂടുതലായി ഡ്യൂട്ടിക്ക് നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാത്രിയില്‍ ഇപ്പോഴുള്ള രണ്ട് പേര്‍ക്ക് പകരം മൂന്ന് പേരെ ഇനി മുതല്‍ ഡ്യൂട്ടിക്ക് നിയോഗിക്കും.