പെരുമ്പാവൂര്‍ : ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അപവാദപ്രചാരണങ്ങള്‍ നടത്തിയെന്ന പരാതിയില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ പൊലീസ് കേസെടുത്തു. ജിഷയുടെ അച്ഛന്‍ കെ.വി.പപ്പു എറണാകുളം റേഞ്ച് ഐ.ജി.ദേബേഷ് കുമാര്‍ ബഹ്‌റയ്ക്ക് നല്‍കിയ പരാതിയിലാണ് പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധനനിയമപ്രകാരം പൊലീസ് കേസെടുത്തത്.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് പി.പി.തങ്കച്ചന്‍ ജോമോന്‍ പുത്തന്‍പുരക്കലിെനതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി.
പി.പി.തങ്കച്ചനും കുടുംബത്തിനുമെതിരെ ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്ന് തങ്കച്ചന്‍ പരാതിയില്‍ ആരോപിക്കുന്നു. ജോമോന്‍ പുത്തന്‍പുരക്കലിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.