Jomon puthanpurackal’s petition against Priyadarshan

കോട്ടയം: പ്രശസ്ത സിനിമാ സംവിധായകന്‍ പ്രിയദര്‍ശന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക് പരാതി.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് വിവരാവകാശരേഖ മുന്‍നിര്‍ത്തി പരാതി നല്‍കിയിട്ടുുള്ളത്. 2012 ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും രാജ്യത്തിന്റെ പത്മശ്രീ ബഹുമതി ലഭിക്കുന്നതിനു വേണ്ടി പ്രിയദര്‍ശന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയ ബയോഡേറ്റയില്‍ കളവും വ്യാജവുമായ യോഗ്യത വിവരം നല്‍കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വഞ്ചിച്ചുവെന്ന് ജോമോന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

index

ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ മുന്‍നിര്‍ത്തിയാണ് ഗുരുതരമായ ആക്ഷേപം.

പ്രിയദര്‍ശന്‍ ബയോഡേറ്റയില്‍ വ്യാജമായും കളവായും രേഖപ്പെടുത്തിയത് ക്രമനമ്പര്‍ പ്രകാരം ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. 2000 ത്തിലെ ദേശിയ ഫിലിം അവാര്‍ഡ് ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും നല്ല സിനിമക്കുള്ള അവാര്‍ഡ് (ഗോള്‍ഡന്‍ ലോറ്റസ് അവാര്‍ഡ്) യഥാര്‍ത്ഥത്തില്‍ 2000 ത്തില്‍ വാങ്ങിയത് സിനിമാ സംവിധായകന്‍ ജയരാജാണ്. സിനിമ- ‘ശാന്തം’.

2. കുഷ്ഠ രോഗികളെ പരിചരിക്കുന്ന ലോക പ്രശസ്തമായിയുള്ള ‘ ‘ RISING STAR OUTREACH INDIA” എന്ന പേരിലുള്ള ജീവകരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാരിറ്റിയിലെ ഡയറക്ടറാണ് പ്രിയദര്‍ശന്‍ എന്ന് പറഞ്ഞിരിക്കുന്നതും വ്യാജമാണ്.

വ്യാജവും കളവും കാണിച്ച് നിരവധി ഇല്ലാത്ത യോഗ്യതകള്‍ ഉണ്ടെന്ന് കാണിച്ച് പ്രിയദര്‍ശന്‍ സംസ്ഥാന സര്‍ക്കാരിന് ബയോഡേറ്റ നല്‍കുകയായിരുന്നു.

3. 2012 ലെ പത്മശ്രീ ലഭിക്കുന്നതിനു വേണ്ടി 42 പേരെ കേരള മന്ത്രിസഭ ശുപാര്‍ശ ചെയ്തു. ചീഫ് സെക്രട്ടറി ഡോ. പി പ്രഭാകരന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് 2011 ഒക്‌ടോബര്‍ 14 ന് ഫൈനല്‍ ലിസ്റ്റ് നല്‍കിയപ്പോള്‍ പ്രിയദര്‍ശന്‍ ഇല്ലായിരുന്നു. പിന്നീട് 2011 ഡിസംബര്‍ 6 നാണ് ചീഫ് സെക്രട്ടറി ഡോ.പ്രഭാകരന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് പ്രിയദര്‍ശന്റെ പേര് ശുപാര്‍ശ ചെയ്തത് എന്ന് വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ വെളിപ്പെടുത്തുന്നു.

പ്രിയദര്‍ശനു പത്മശ്രീ നല്‍കിയത് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ യോഗ്യത ഇല്ലാത്തവര്‍ക്ക് പത്മശ്രീ നല്‍കുന്നത് തടയുന്നതിനും അര്‍ഹരായവര്‍ക്ക് പത്മശ്രീ ലഭിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ക്കശമായ മാര്‍ഗ്ഗനിര്‍ദേശം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ, കേന്ദ്ര ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവര്‍ക്കും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പരാതി നല്‍കിയിട്ടുണ്ട്.

Top