തൃശൂര്‍: തൃശൂര്‍-എറണാകുളം പൊതുമരാമത്ത് റെസ്റ്റ്ഹൗസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ എട്ടരവര്‍ഷം പണമടക്കാതെ താമസിച്ചതിന് 9,49,500/- രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടക്കാത്തതിന്റെ കാരണം ബോധിപ്പിക്കുവാന്‍ എറണാകുളം ജില്ലാ കളക്ടറോടും, എറണാകുളം പിഡബ്ല്യുഡി ബില്‍ഡിംഗ്‌സ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനിയറോടും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്.
എറണാകുളം പൊതുമരാമത്ത് റെസ്റ്റ്ഹൗസിലെ 19,20 എന്നീ മുറികളില്‍ 1999 ഫെബ്രുവരി 16 മുതല്‍ 2007 ഒക്ടോബര്‍ 18 വരെയുള്ള, 3165 ദിവസമാണ് സിബിഐ ഉദ്യോഗസ്ഥര്‍ സൗജന്യമായി താമസിച്ചത് നിയമവിരുദ്ധമാണെന്നും 9,49,500/- തിരിച്ചടക്കണമെന്നുമുള്ള ജോമോന്റെ പരാതിയില്‍ 200 മെയ് 13ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി മോന്‍സ് ജോസഫ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പിലായിരുന്നില്ല. ഇതേതുടര്‍ന്നാണ് ജോമോന്‍ കോടതിയെ സമീപിച്ചത്.
ജോമോന്റെ പരാതിയില്‍ 2014 ജൂലായ് 10ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയുടെ റിപ്പോര്‍ട്ട് മാര്‍ച്ച് 5ന് ഹാജരാക്കുവാനും എറണാകുളം മധ്യമേഖല വിജിലന്‍സ് എസ് പിക്ക് വിജിലന്‍സ് കോടതി ജഡ്ജി എസ്എസ് വാസന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.