കൊച്ചി: മുഖ്യവിവരാവകാശ കമ്മീഷണറെയും അഞ്ച് അംഗങ്ങളെയും നിയമിക്കുവാന്‍ ശുപാര്‍ശ ചെയ്തതിനെതിരയുള്ള ഹര്‍ജികളില്‍ ഇടപെടുന്നില്ലെന്ന ഹൈക്കോടതി ജസ്റ്റിസ് എ മുഹമ്മജ് മുസ്താഖിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് മനുഷ്യവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
മുഖ്യവിവരാവകാശ കമ്മീഷണറാകുന്നവര്‍ പൊതുജീവിത്തതില്‍ ഔന്നത്യമുള്ളവരായിരിക്കണമെന്നും കമ്മീഷനംഗങ്ങളാകുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് ബന്ധമുള്ളവരാകാന്‍ പാടില്ലെന്നും 2013 സെപ്റ്റംബര്‍ 3 ന് സുപ്രീംകോടതി അമിത് ഷര്‍മ്മ കേസില്‍ കര്‍ക്കശമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത് ഹൈക്കോടതി പരിഗണിക്കാത്തത് നിയമവിരുദ്ധമാണെന്നും ജോമോന്‍ ചൂണ്ടിക്കാട്ടി.
വിവരാവകാശ കമ്മീഷനെ നിയമിച്ചതിന് ശേഷം പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂവെന്നിരിക്കെ, നിയമനം നടന്നതിന് ശേഷം ഹര്‍ജിക്കാര്‍ക്ക് കോടതിയെ വീണ്ടും സമീപിക്കാവുന്നതാണെന്ന ഹൈക്കോടതി വിധി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.