ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍

തിരുവനന്തപുരം: അഭയ കേസില്‍ വിധി പ്രസ്താവിച്ച ഇന്ന് മരിച്ചാലും ദു:ഖമില്ലെന്ന് ജോമോന്‍ പുത്തന്‍പുരക്കല്‍. ഇത്രയും കാലം ഇങ്ങനെയൊരു വിധിക്കു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും അഭയ കേസിനു വേണ്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് 28 വര്‍ഷം പോരാടിയ ജോമോന്‍ പുത്തന്‍പുരക്കല്‍ വ്യക്തമാക്കി.

തന്റെ കഴിവുകൊണ്ടല്ല. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സി.ബി.ഐ ജഡ്ജിയുടെ വിധി ദൈവത്തിന്റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോന്‍ പറഞ്ഞു.

പ്രതികള്‍ക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞു. അഭയ കൊലക്കേസില്‍ ഒന്നാം പ്രതിഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് വിധി പറഞ്ഞ സാഹചര്യത്തിലായിരുന്നു ജോമോന്റെ പ്രതികരണം. പ്രതികള്‍ രണ്ടു പേര്‍ക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.

Top