Jomon puthenpurackal complaint against CBI

കൊച്ചി: സാമ്പത്തിക തട്ടിപ്പ് മുതല്‍ കൊലപാതകങ്ങള്‍ വരെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സിബിഐയെ കുരുക്കിലാക്കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലെ റെസ്റ്റ് ഹൗസുകളില്‍ വിവിധ കേസ് അന്വേഷണത്തിന്റെ പേര് പറഞ്ഞ് സിബിഐ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി സൗജന്യമായി താമസിച്ചവകയില്‍ പത്ത് കോടി രൂപയോളം സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയെന്ന് ചൂണ്ടിക്കാണിച്ച് നേരത്തെ വിജിലന്‍സ് കോടതിയില്‍ ജോമോന്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധമായി മൊഴിയെടുക്കാന്‍ വന്ന അന്വേഷണ സംഘത്തിന് മുന്നിലാണ് തെളിവുകള്‍ സഹിതം അദ്ദേഹം കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്.

കഴിഞ്ഞ മാസം 19 ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ സിബിഐ എസ്.പി. ഉള്‍പ്പടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി ഓഗസ്റ്റ് 31 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരുന്നത്.

സിബിഐക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നത്‌ കേരളത്തിന്റെ ചരിത്രത്തിലാദ്യമാണ്.

എറണാകുളം പി.ഡബ്ല്യൂഡി. റെസ്റ്റ് ഹൗസിലെ 19,20 എന്നീ മുറികളില്‍ 1999 ഫെബ്രുവരി 16 മുതല്‍ 2007 ഫെബ്രുവരി 18 വരെയുള്ള എട്ടരവര്‍ഷക്കാലം സിബിഐ ഉദ്യോഗസ്ഥര്‍ താമസിച്ചവകയില്‍ മുറി വാടകയിനത്തില്‍ 9,49,500 രൂപ സിബിഐ ഉദ്യോഗസ്ഥരില്‍ നിന്ന് സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചുപിടിക്കാന്‍ പൊതുമരാമത്ത് മന്ത്രി ഉത്തരവിട്ടിരുന്നു. ഇതില്‍ വീഴ്ചവരുത്തിയ പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എം പെണ്ണമ്മ, എറണാകുളം പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ടി ബിന്ദു, എറണാകുളം ജില്ലാ കളക്ടര്‍, സിബിഐ എസ്.പി. എന്നിവര്‍ക്കെതിരെയാണ് ത്വരിതാന്വേഷണം നടത്താന്‍ ജോമോന്റെ പരാതിയില്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

കേരളത്തിലെ മറ്റ് പി.ഡബ്ല്യൂ.ഡി. റെസ്റ്റ്ഹൗസുകളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി സൗജന്യമായി താമസിച്ചവകയില്‍ മുറിവാടകയിനത്തില്‍ പത്ത് കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്.പി. വി എന്‍.ശശിധരന്റെയും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി. വിജി ജോര്‍ജ്ജിന്റെയും മുന്നില്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ മൊഴി നല്‍കിയിരുന്നത്‌.

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ കേരളത്തിലെ വിജിലന്‍സ് സംഘം നടത്തുന്ന അന്വേഷണം സിബിഐ ഉദ്യോഗസ്ഥര്‍ക്കാകെ നാണക്കേടായിരിക്കുകയാണ്.

Top