തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ‘തുറുപ്പുചീട്ടായ’ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വിജിലന്‍സ് അന്വേഷണം യുഡിഎഫ് ആയുധമാക്കുന്നു.
പ്രമുഖമനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് സൂചന.
മുഖ്യമന്ത്രി ഇടപെട്ടില്ലെങ്കില്‍ സുപ്രീംകോടതി വരെ പോയി ആയാലും നിയമപോരാട്ടം നടത്തുമെന്ന ജോമോന്‍ പുത്തന്‍പുരക്കലിന്റെ മുന്നറിയിപ്പും ഇക്കാര്യത്തിലിടപെടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഒരു പ്രധാനഘടകമാണ്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മനപൂര്‍വ്വം അരുണ്‍കുമാറിനെതിരയുള്ള അന്വേഷണം മരവിപ്പിക്കുകയായിരുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു.
ദീര്‍ഘകാലം നിയമപോരാട്ടം നടത്തി ഇടമലയാര്‍ കേസില്‍ ആര്‍ ബാലകൃഷ്ണപിള്ളയെ ജയിലിലടപ്പിച്ച രൂപത്തിലുള്ള ദൈര്‍ഘ്യമേറിയ നിയമപോരാട്ട ചരിത്രം ജോമോന്‍ പുത്തന്‍പുരക്കലിനും അവകാശപ്പെടാനുണ്ട്.
സിസ്റ്റര്‍ അഭയാവധക്കേസില്‍ കാല്‍ നൂറ്റാണ്ടോളം നീണ്ടുനിന്ന നിയമപോരാട്ടം നടത്തിയാണ് പ്രതികളെ ജോമോന്‍ പുത്തന്‍പുരക്കല്‍ ജയിലിലടപ്പിച്ചത്.
പൊതുസമൂഹത്തില്‍ വിഎസിനെന്ന പോലെ ജോമോന്‍ പുത്തന്‍പുരക്കലിന്റെ സത്യസന്ധതക്കും വിലയുള്ളതിനാല്‍ തീ പാറുന്ന നിയമപോരാട്ടം അരുണ്‍കുമാറിന്റെ കേസില്‍ നടക്കുമെന്ന കാര്യ ഉറപ്പാണ്.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായി സര്‍ക്കാരിന് രഹസ്യധാരണയും പരസ്പര സഹായസഹകരണവും ഉള്ളതിനാലാണ് അരുണ്‍കുമാറിനെതിരെയുള്ള മുഴുവന്‍ വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിക്കുകയും നാലര വര്‍ഷമായി അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നുവെന്നാരോപിച്ച് മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പരാതിയിലാണ് മുഖ്യമന്ത്രി അടിയന്തിര നടപടിക്ക് ഉത്തരവിട്ടത്.
ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ വി എ അരുണ്‍കുമാറിനെതിരെ അതീവഗുരുതരമായ 13 ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അട്ടിമറിച്ചെന്നും പരാതിക്കാരനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാതെയാണ് വിജിലന്‍സ് കഴിഞ്ഞ നാലരവര്‍ഷക്കാലമായി അന്വേഷണം നടത്തുന്നതെന്നും വിവരാവകാശ നിയമപ്രകാരം വെളിവായിരിക്കുകയാണെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജോമോന്‍ പുത്തന്‍പുരക്കല്‍ വി എ അരുണ്‍കുമാറിനെതിരായി ഉന്നയിച്ച ആരോപണങ്ങള്‍ ചുവടെ :-
1. ഐഎച്ച്ആര്‍ഡിയില്‍ ജോലി ചെയ്ത് വരവെ വി എ അരുണ്‍കുമാര്‍ പിഎച്ച്ഡി രജിസ്‌ട്രേഷനു വേണ്ടി വ്യാജരേഖ ചമച്ചതു സ്ബന്ധിച്ച്
2. കെപിപി നമ്പ്യാരോട് കണ്ണൂര്‍ പവര്‍ പ്രൊജക്ടിന്റെ മൊത്തം തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനമായ 75 കോടി രൂപ വി എ അരുണ്‍കുമാര്‍ ആവശ്യപ്പെട്ടുവെന്നത്
3. കയര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ ആയിരിക്കെ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണം സംബന്ധിച്ച്.
4. വി എ അരുണ്‍കുമാറിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ വിദേശയാത്രകളുടെ വിശദാംശം.
5.അനധികൃത സ്വത്ത് എന്നിവ സംബന്ധിച്ച പരിശോധന
6. തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബിലും കോഴിക്കോട്ട് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിലും അംഗത്വം എടുക്കാനുള്ള അരുണ്‍കുമാറിന്റെ സാമ്പത്തിക സ്രോതസ്
7. ചെറി എന്റര്‍പ്രൈസസ് എന്ന സ്ഥാപനവുമായി വിഎ അരുണ്‍കുമാറിന്റെ ബിസിനസ് ബന്ധങ്ങള്‍ സംബന്ധിച്ച ആക്ഷേപം
8. വി എ അരുണ്‍കുമാര്‍, ദീപ്തി പ്രസേനന്‍ എന്നിവര്‍ ചതുപ്പുനിലം നികത്താന്‍ ഒത്താശ ചെയ്യാമെന്ന പറഞ്ഞ് പണം വാങ്ങി ചതിച്ചുവെന്ന സന്തോഷ് മാധവന്റെ ആരോപണം.
9. ചന്ദനഫാക്ടറി ഉടമ ഖാദര്‍ പാലോത്ത്, അരുണ്‍കുമാറിന് 7 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച്
10. മറയൂര്‍ ചന്ദനക്കേസില്‍ സിബിഐ അന്വേഷണം നടത്തി മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന റിപ്പോര്‍ട്ടില്‍ സമയോചിതമായ തുടര്‍നടപടി സ്വീകരിക്കാതെ കുറ്റാരോപിതനായ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിട്ടര്‍ ചെയ്യാന്‍ അവസരം നല്‍കിയത് സംബന്ധിച്ച അന്വേഷണം.
11. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചന്ദനഫാക്ടറിക്ക് 2004 ല്‍ അരുണ്‍കുമാര്‍ ഇടപെട്ട് ലൈസന്‍സ് പുതുക്കി നല്‍കിയ കാര്യം
12. വിഎ അരുണ്‍കുമാറും ദല്ലാള്‍ നന്ദകുമാറുമായുള്ള അവിഹിതബന്ധം സംബന്ധിച്ച അന്വേഷണം
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ അരുണ്‍കുമാറിനെതിരെ സംസ്ഥാന വിജിലന്‍സ് നടത്തുന്ന അന്വേഷണങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ജോമോന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയുരുന്നത്.