തിയറ്റര്‍ സമരം പിന്‍വലിച്ചതിന് ശേഷം ആദ്യ മലയാള സിനിമ ഇന്ന് റിലീസിനെത്തുന്നു. ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളാണ് 150ഓളം തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തുന്നത്.
സിനിമ തര്‍ക്കം മൂലം ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു ജോമോന്റെ സുവിശേഷങ്ങള്‍. നാളെ മോഹന്‍ലാല്‍ ചിത്രവും റിലീസാവും. ഇതോടെ ഒരിടവേളക്ക് ശേഷം മലയാള സിനിമാ രംഗം വീണ്ടും സജീവമാവുകയാണ്.
2017ലെ ആദ്യ മലയാള ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന് – സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ടിലെ ജോമോന്റെ സുവിശേഷങ്ങള്‍ 60ഓളം എ ക്ലാസ് തിയേറ്ററുകളിലും നൂറിനടുത്ത് ബി ക്ലാസ് തിയേറ്ററുകളിലുമായി ഇന്ന് പ്രദര്‍ശനത്തിനെത്തും.
നാളെയാണ് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം റിലീസിനെത്തുന്നത്. ഫുക്രി, എസ്ര, കാംബോജി തുടങ്ങിയ സിനിമകളും അടുത്ത ആഴ്ചകളിലായി തിയേറ്ററുകളിലെത്തും.
കഴിഞ്ഞ മാസം 16ന് ആരംഭിച്ച സിനിമ തര്‍ക്കം അവസാനിച്ചത് കഴിഞ്ഞാഴ്ചയാണ് . തിയേറ്ററുടമകളുടെ സംഘടനയെ പിളര്‍ത്തിക്കൊണ്ട് നിര്‍മ്മാതാക്കളും വിതരണക്കാരും ഒരു കൂട്ടം എ ക്ലാസ് തിയേറ്ററുടമകളും ചേര്‍ന്ന് പുതിയ സംഘടന രൂപീകരിച്ചിരുന്നു.
അതിനു തൊട്ട് പിന്നാലെ തിയേറ്ററടുകള്‍ സമരം പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ പുതിയ സിനിമ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് നല്‍കേണ്ടതില്ലെന്നാണ് നടന്‍ ദിലീപ് നേതൃത്വം നല്‍കുന്ന പുതിയ സംഘടനയുടെ തീരുമാനം.
ഇതോടെ കൂടുതല്‍ തിയേറ്ററുടമകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അംഗത്വം രാജി വെക്കുമെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും കണക്കു കൂട്ടുന്നത്.