അഫ്ഗാന് ആത്മവിശ്വാസമേകി ജൊനാഥന്‍ ട്രോട്ട്

ഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന് പിന്നില്‍ ഒരു ഇംഗ്ലീഷുകാരന്റെ ബുദ്ധിയും നേതൃത്വവുമുണ്ട്. 2011ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടിയ ജോനാഥന്‍ ട്രോട്ടാണ് അഫ്ഗാന്‍ ടീമിന്റെ പ്രധാനപരിശീലകന്‍. അഫ്ഗാനിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിക്കറ്റിനോട് ആഭിമുഖ്യമുള്ളവരാകാന്‍ ഈ വിജയം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ട്രോട്ട് പറയുന്നു.

പലകാരണങ്ങളാല്‍ ദുര്‍ഘടമായ വഴികളിലൂടെ കടന്നുപോകുന്നവരാണ് അഫ്ഗാന്‍ താരങ്ങള്‍. അഫ്ഗാനിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ക്രിക്കറ്റ് കളിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിജയം കാരണമാകുന്നുണ്ടെങ്കില്‍ അവിടെയാണ് ലക്ഷ്യം കൈവരിക്കുന്നതെന്നും അഫ്ഗാനിസ്ഥാനിലെ അവസ്ഥ അറിയാവുന്ന പരിശീലകന്‍ വ്യക്തമാക്കുന്നു. 2022 ജൂലൈയിലാണ് ട്രോട്ട് അഫ്ഗാന്‍ ടീമിന്റെ പരിശീലനചുമതല ഏറ്റെടുക്കുന്നത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വിജയപ്രതീക്ഷകളെ തല്ലിക്കെടുത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് മന്ത്രമോതിയത് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് ഇംഗ്ലണ്ട് ടീമിന്റെ നെടുംതൂണായിരുന്ന ഈ താരമാണ്. ജോനാഥന്‍ ട്രോട്ട്. ഇന്ത്യ വേദിയായ 2011 ഏകദിന ലോകകപ്പില്‍ 422 റണ്‍സെടുത്ത് ഇംഗ്ലണ്ടിനായി ടോപ് സ്‌കോററായ ട്രോട്ടായിരുന്നു ആ വര്‍ഷത്തെ ഐ.സി.സി. ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. ഇംഗ്ലണ്ട് ടീമിന്റെ കരുത്തും കുറവുമറിയാം. ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവവുമറിയാം. ആ അറിവുകള്‍ കളത്തില്‍ പ്രാവര്‍ത്തികമാക്കിയതോടെ അഫ്ഗാന് സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ജയം. ആ വിജയം സമ്മാനിക്കുന്നത് ഒരു ദിവസത്തെ ആഘോഷമല്ല. വരും കാലങ്ങളിലേക്ക് അഫ്ഗാന്‍ ക്രിക്കറ്റിന് നല്‍കുന്ന വലിയ ആത്മവിശ്വാസമാണെന്ന് ട്രോട്ട് പറയുന്നു.

 

 

Top