എ എഫ് സി ഏഷ്യൻ കപ്പിൽ ദക്ഷിണ കൊറിയയെ കീഴടക്കി ജോർദാൻ ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർദാന്റെ വിജയം. ഇതാദ്യമായാണ് ജോർദാൻ ഏഷ്യൻ കപ്പ് ഫുട്ബോളിന്റെ കലാശപ്പോരിന് യോഗ്യത നേടുന്നത്. നാളെ നടക്കുന്ന ഖത്തർ-ഇറാൻ മത്സര വിജയികൾ ഫൈനലിൽ ജോർദാന് എതിരാളികളാകും.
മത്സരത്തിന്റെ തുടക്കത്തില്‍ ജോർദാനാണ് പന്ത് നിയന്ത്രിച്ചിരുന്നത്. എങ്കിലും കൊറിയ മത്സരത്തിൽ പതിയെ താളം വീണ്ടെടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ ദക്ഷിണ കൊറിയയ്ക്കായിരുന്നു കൂടുതൽ സമയം പന്ത് നിയന്ത്രിച്ചത്. എങ്കിലും ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലാണ് ജോർദാന്റെ രണ്ട് ഗോളുകളും പിറന്നത്. 53-ാം മിനിറ്റിൽ യസാൻ അൽ-നൈമത്ത്, 66-ാം മിനിറ്റിൽ മൂസ അൽ-താമാരി എന്നിവർ ഗോളുകൾ നേടി. മത്സരം അവസാനിക്കുമ്പോൾ 30 ശതമാനം പന്തിന്റെ നിയന്ത്രണം മാത്രമായിരുന്നു ജോർദാന് ഉണ്ടായിരുന്നത്. എന്നാൽ ജോർദാൻ എട്ട് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. കൊറിയയ്ക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് വെയ്ക്കാനായില്ല.