രണ്ടില ചിഹ്നം കൂടി കിട്ടിയതോടെ കൂടുതല്‍ കരുത്താര്‍ജിച്ച് ജോസ് വിഭാഗം. പി.ജെ.ജോസഫ് വിഭാഗത്തിനാണ് ഹൈക്കോടതി ഉത്തരവിപ്പോള്‍ വന്‍ തിരിച്ചടിയായിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചാണ് ഹൈക്കോടതി രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത്. പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജിയാണ് ഇവിടെ തള്ളപ്പെട്ടിരിക്കുന്നത്. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ജോസ് വിഭാഗത്തിന് ഇനി രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയും. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സ് തങ്ങളുടേതാണെന്ന ജോസ് വിഭാഗത്തിന്റെ വാദമാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
മധ്യ തിരുവതാംകൂറില്‍ സുപരിചിതമായ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത് ജോസ് വിഭാഗത്തിനാണ് ഗുണം ചെയ്യുക. ജോസഫ് വിഭാഗത്തിനാകട്ടെ കോടതി വിധി അപ്രതീക്ഷിത പ്രഹരമാണ് നല്‍കിയിരിക്കുന്നത്. ഒപ്പമുള്ളവര്‍ തിരികെ ജോസ് പക്ഷത്തേക്ക് ചേക്കേറുമെന്ന ഭയവും ജോസഫിന് ഇപ്പോഴുണ്ട്. വിപ്പ് ലംഘിച്ച പ്രശ്‌നത്തില്‍ പി.ജെ.ജോസഫും മോന്‍സ് ജോസഫും അയോഗ്യരാക്കപ്പെടാനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ സ്പീക്കര്‍ തീരുമാനമെടുക്കും. അയോഗ്യരാക്കപ്പെടുന്നതോടെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുവര്‍ക്കും മത്സരിക്കാന്‍ കഴിയുകയില്ല. ജോസഫ് വിഭാഗത്തെ ശിഥിലമാക്കുന്നതിലാണ് ഇത്തരമൊരു തീരുമാനം വഴിവയ്ക്കുക. സ്പീക്കര്‍ സി.പി.എം നേതാവ് കൂടി ആയതിനാല്‍ മറിച്ചൊരു തീരുമാനം രാഷ്ട്രീയ കേരളവും പ്രതീക്ഷിക്കുന്നില്ല.
പിണറായി സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ റോഷി അഗസ്റ്റ്യനാണ് വിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ്സിന്റെ വിപ്പ് മോന്‍സ് ജോസഫാണെന്ന് പറഞ്ഞ് ഈ നിര്‍ദേശം തള്ളിക്കളയുകയാണ് ജോസഫ് വിഭാഗം ചെയ്തിരുന്നത്. ഇതോടെയാണ് രണ്ട് എം.എല്‍.എമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് പക്ഷം സ്പീക്കര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്.
ചിഹ്നം പ്രശ്‌നത്തില്‍ ഹൈക്കോടതി വിധിക്കായാണ് സ്പീക്കറും കാത്തിരുന്നിരുന്നത്. ഇപ്പോള്‍ ആ തടസ്സം കൂടി മാറിയതോടെ ഇനി ഏത് നിമിഷവും അയോഗ്യത കാര്യത്തില്‍ തീരുമാനമുണ്ടാകും. ജോസ് വിഭാഗത്തെ തഴഞ്ഞ് ജോസഫിനെ ഉള്‍ക്കൊണ്ട യു.ഡി.എഫ് നേതാക്കള്‍ക്കും ഇപ്പോഴത്തെ ഹൈക്കോടതി വിധി വലിയ പ്രഹരമാണ്. കേരള കോണ്‍ഗ്രസ്സ് വോട്ടുകള്‍ ജോസ് പക്ഷത്തേക്ക് പോകുന്നതോടെ മധ്യ കേരളത്തില്‍ യു.ഡി.എഫിന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
കോണ്‍ഗ്രസ്സ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്നതും ഇതു തന്നെയാണ്. അതേസമയം മധുരമായ പ്രതികാരത്തിനാണ് ജോസ് വിഭാഗം നിലവില്‍ തയ്യാറെടുക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗം.