ന്യൂഡല്‍ഹി: റബര്‍ കര്‍ഷരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് തന്നെ സന്ദര്‍ശിച്ച ജോസ് കെ.മാണി എം.പിക്ക് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക മാത്രമാണ് ചെയ്തത്. റബ്ബര്‍ പുനരുജ്ജീവന പദ്ധതിക്കായി സംസ്ഥാനസര്‍ക്കാറിന് 500 കോടി രൂപ അനുവദിക്കുന്നതിനുള്ള ശുപാര്‍ശ ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. റബര്‍ വിഷയത്തില്‍ മറ്റ് എം.പിമാരും നേതാക്കളും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതു പോലെ തന്നെയാണ് ജോസ് .കെ മാണിയും വന്ന് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് എം.പി. മാരായ ജോസ് കെ. മാണിയും ജോയ് ഏബ്രഹാമും നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത്.
റബ്ബര്‍ പുനരുജ്ജീവനപദ്ധതിക്കായി സംസ്ഥാനസര്‍ക്കാറിന് 500 കോടി രൂപ അനുവദിക്കുന്നതിനുള്ള ശുപാര്‍ശ ധനകാര്യമന്ത്രാലയത്തിനു കൈമാറുമെന്നും റബ്ബര്‍ ഇറക്കുമതി ഒരു തുറമുഖത്തിലൂടെയോ, അല്ലെങ്കില്‍ അപ്രധാന തുറമുഖങ്ങളിലൂടെയോ മാത്രമെന്ന നിലയില്‍ പരിമിതപ്പെടുത്തുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനല്കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ. മാണി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് മന്ത്രി വിശദീകരണം നല്‍കിയത്.