കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ തീരുമാനമെടുത്തത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ ആനുകൂല്യം ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ആ വിഹിതത്തില്‍ കുറവുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആശങ്കയുടെ ആവശ്യമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നടത്തുന്നത് സംഘടനാപരമായ അന്വേഷണമാണ്. അതില്‍ അഭിപ്രായം പറയാനില്ല. സിപിഎം അടക്കമുള്ള എല്ലാ പ്രസ്ഥാനങ്ങളും തോറ്റാലും ജയിച്ചാലും എല്ലാ ഇടത്തും പരിശോധന നടത്താറുണ്ട്, അത് സ്വഭാവികമാണ്. ഈ അന്വേഷണം സിപിഎമ്മിന്റെ ആഭ്യന്തരകാര്യമാണ്. അക്കാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ പ്രസക്തിയില്ല. ഞങ്ങളുടെ വിലയിരുത്തല്‍ പാര്‍ട്ടി തലത്തില്‍ സംഘടനപരമായി നടന്നു കൊണ്ടിരിക്കുകയാണ് – ജോസ് കെ മാണി പറഞ്ഞു.