പാലാ സീറ്റ്, മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ല; ജോസ് കെ മാണി

കോട്ടയം: പാലായിലെ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി. ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് ഇടതുമുന്നണിയെ അറിയിക്കുമെന്നും ജോസ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെ കുറിച്ചും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. യു.ഡി.എഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും ജോസ് കെ.മാണി ആവര്‍ത്തിച്ചു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു ലോക്കല്‍ പദവിക്ക് വേണ്ടി ഐക്യജനാധിപത്യ മുന്നണിയില്‍ നിന്ന് പുറത്താക്കിയതാണ്. അതിനുശേഷം പാര്‍ട്ടി ഒരു സ്വതന്ത്ര നിലപാട് എടുത്തു. ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും അതിന്റെ ഒരു ഘടകകക്ഷിയാകുവാനുമുളള തീരുമാനമെടുത്തു. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മുദ്രാവാക്യം ഇടതിന്റെ പ്രവര്‍ത്തനമികവുകളുമായി ചേര്‍ന്നു പോകുന്നതാണെന്നും ജോസ് പറഞ്ഞു.

Top