കോട്ടയം: ബാര്‍ക്കോഴക്കേസില്‍ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധിയെക്കുറിച്ച് പഠിച്ചശേഷം പ്രതികരണം അറിയിക്കാമെന്ന് ജോസ് കെ.മാണി എംപി. വിധിയുടെ വിശദാംശങ്ങള്‍ മനസിലാക്കിയിട്ടില്ല. വിധിപകര്‍പ്പ് പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ അറിയിക്കാമെന്നായിരുന്നു എംപിയുടെ പ്രതികരണം.
അതേസമയം കെ.എം.മാണിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായിട്ടാണ് കണക്കാക്കുന്നതെന്ന് കെ.മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ഈ കോടതി വിധികൊണ്ടൊന്നും മാണിയെ തള്ളിപ്പറയാന്‍ യുഡിഎഫ് തയാറാകില്ല. അദ്ദേഹം യുഡിഎഫിന്റെ അവിഭാജ്യഘടകമാണെന്നും തങ്ങളുടെ സഹപ്രവര്‍ത്തകനാണെന്നും മുരളീധരന്‍ പറഞ്ഞു.
എന്നാല്‍ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബാര്‍ ഉടമ ബിജു രമേശിന്റെ പ്രതികരണം. സത്യം തെളിഞ്ഞെന്നും കോടതി വിധി ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്നും ബിജു രമേശ് അഭിപ്രായപ്പെട്ടു. ഇത്രയധികം സ്വാധീനങ്ങള്‍ ഉപയോഗിച്ചിട്ടും മാണിക്ക് കേസ് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. കോടതി വിധിയില്‍ തനിക്ക് വലിയ ചാരിതാര്‍ഥ്യമുണ്ട്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലും മാണിക്ക് വേണ്ടിയാണ് കോടതിയില്‍ വാദിച്ചത്. എന്നിട്ടും മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളിയെങ്കില്‍ കുറ്റം കോടതിക്കും ബോധ്യപ്പെട്ടു കാണുമെന്നും ബിജു രമേശ് വ്യക്തമാക്കി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.