‘മണിപ്പൂര്‍ വിഷയത്തിലെ സഭാനിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്’;ജോസ് കെ മാണി

കൊച്ചി: പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണഘടന ചുമതലയിലുള്ളവര്‍ ചടങ്ങുകള്‍ക്ക് ക്ഷണിക്കുന്നതും സഭയുടെ മേലധ്യക്ഷന്മാര്‍ അതില്‍ പങ്കെടുക്കുന്നതും പുതിയ കീഴ് വഴക്കമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ക്ഷണിക്കുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഇത്തരം ചടങ്ങുകളിലെ സാന്നിദ്ധ്യം എന്ന് വിലയിരുത്തേണ്ടതില്ല. മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധവും ആശങ്കയും ക്രൈസ്തവ സഭകള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പരസ്യമായി അറിയിക്കുകയും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ഏറ്റവും ആദ്യം മണിപ്പൂര്‍ സന്ദര്‍ശിക്കുകയും ക്രൂരമായ വംശഹത്യയ്‌ക്കെതിരായി അതിശക്തമായ പ്രതിഷേധം പാര്‍ലമെന്റിലും പുറത്തും ഉയര്‍ത്തി കൊണ്ടുവരികയും ചെയ്തിട്ടുള്ളതാണ്. മണിപ്പൂര്‍ വിഷയത്തില്‍ ക്രൈസ്തവ സഭകള്‍ സ്വീകരിച്ച ശക്തമായ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇക്കാര്യത്തില്‍ യോജിപ്പോടുകൂടി പോരാട്ടം തുടരുകയാണ് വേണ്ടതെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Top