പാലായില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടെന്ന് ജോസ് കെ മാണി

കോട്ടയം: പാലാ നഗരസഭയിലുണ്ടായ കൈയ്യാങ്കളിയില്‍ പ്രതികരിച്ച് ജോസ് കെ മാണി. പാലായില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു. നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്തിപരമായ വിഷയത്തിന്മേലാണ്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിപിഎമ്മും-കേരളാ കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തത്. പക്ഷേ ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതല്‍ തന്നെ ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നതയുണ്ട്. ഇന്നലെ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍ നേരത്തെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേര്‍ന്നതിലെ നിയമ പ്രശ്‌നം സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.

Top