പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാവും

കോട്ടയം: അഡ്വ. ജോസ് ടോം പുലിക്കുന്നേല്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജോസ് ടോമിന്‍റെ പേര് യുഡിഎഫ് ഉപസമിതിയാണ് നിര്‍ദ്ദേശിച്ചത്.

യുഡിഎഫ് യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. നിഷ ജോസ് കെ.മാണി മത്സരിക്കാനില്ലെന്നു കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി മാണി കുടുംബത്തില്‍ നിന്നു പുറത്തുനിന്നുള്ളയാള്‍ ആയിരിക്കുമെന്നും തോമസ് ചാഴികാടന്‍ എംപി പറഞ്ഞിരുന്നു.

യുഡിഎഫ് ഉപസമിതി കോട്ടയം ഡിസിസി ഓഫിസിൽ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എംഎൽഎ, ജോയി എബ്രഹാം തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. നിഷ ജോസ് കെ.മാണിയെ സ്ഥാനാർഥിയായി നിശ്ചയിച്ചാൽ ജോസഫ് വിഭാഗം വേറേ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു നേതാക്കളെ അറിയിച്ചതായാണ് സൂചന. നിഷ ജോസ് കെ.മാണിക്കു ജയസാധ്യതയുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു ചർച്ചയ്ക്കു മുൻപു പി.ജെ.ജോസഫിന്റെ മറുപടി.

ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ ജോസ് ടോം, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top