പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോമിന്റെ ചിഹ്നം ‘കൈതച്ചക്ക’

കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്കയെന്ന് തീരുമാനിച്ചു.

ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്നും സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനം വോട്ട് ചെയ്യുകയെന്നുമാണ് ജോസ് ടോം പ്രതികരിച്ചത്.

കെ.എം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നതെന്നും കൈതച്ചക്ക മധുരമുള്ളതാണെന്നും ജോസ് ടോം പറഞ്ഞു.

32 വര്‍ഷത്തിനിടെ ആദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. പി ജെ ജോസഫ്-ജോസ് കെ മാണി പോരിനെ തുടര്‍ന്ന് ജോസ് പക്ഷ സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടാതെ പോവുകയായിരുന്നു.

തന്നെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടു തരില്ലെന്നായിരുന്നു പി.ജെ ജോസഫ് നിലപാടെടുത്തത്.

ആകെ പതിമൂന്ന് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിച്ചിരുന്നു.

അതേസമയം, പാലായില്‍ ജോസ്.കെ. മാണി വിഭാഗത്തിനൊപ്പം ഒരുമിച്ച് പ്രചാരണത്തിനിറങ്ങില്ലെന്നും എന്നാല്‍, സമാന്തരമായി യോഗങ്ങള്‍ വിളിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്നുമാണ് ജോസഫ് വിഭാഗം അറിയിച്ചിരിക്കുന്നത്.

Top