കോട്ടയം : പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ് കെ മാണിയുടെ കത്ത് സഹിതമായിരിക്കും ജോസ് ടോം പുലിക്കുന്നേല്‍ ആദ്യ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. ചിഹ്നമായി രണ്ടിലയും ആവശ്യപ്പെടും. ഇതിനൊപ്പം യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മറ്റൊരു പത്രിക കൂടി നല്‍കും. ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കാനാവില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.
ചിഹ്നം സംബന്ധിച്ച് തര്‍ക്കം തുടര്‍ന്നാല്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാകും തീരുമാനമെടുക്കുക. എന്നിട്ടും പരിഹാരം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടാകും. 11 മണിയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ജോസ് ടോം പുലിക്കുന്നേല്‍ പത്രിക നല്‍കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും പത്രിക നല്‍കുന്നത് ഇവിടെത്തന്നെയാണ്.
പാലാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.