ബാഴ്സലോണ: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കാതെ ഇസ്രായേലിന് സമാധാനമോ സുരക്ഷിതത്വമോ ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍. യൂറോപ്പും അറബ് ലോകവും തമ്മിലെ സഹകരണത്തിനായി രൂപം നല്‍കിയ ഫോറം ഓഫ് ദി യൂനിയന്‍ ഫോര്‍ ദി മെഡിറ്ററേനിയന്റെ (യുഎഫ്എം) പ്രതിനിധി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പാനിഷ് നഗരമായ ബാഴ്‌സലോണയില്‍ തിങ്കളാഴ്ചയാണ് യൂറോപ്യന്‍ യൂനിയന്‍, അറബ് രാജ്യങ്ങള്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗം തുടങ്ങിയത്.
‘ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സംഘട്ടനങ്ങളുടെയെല്ലാം അവസാനം സമാധാനത്തിന്റെ ചക്രവാളത്തിലേക്ക് നയിക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. ഞെട്ടലുകള്‍ക്കും വൈകാരികതക്കും അപ്പുറം ഇരുവിഭാഗം ജനങ്ങളും സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. ഹമാസ് വെറുമൊരു സംഘടന എന്നതിലുപരി, അതൊരു ആശയമാണ്. അതേക്കാള്‍ മികച്ച ഒരു ആശയം പകരം വെക്കാതെ നിങ്ങള്‍ക്ക് ഒരു ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ഹമാസിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താന്‍, രാഷ്ട്രപദവി ഉറപ്പുനല്‍കുന്ന നല്‍കുന്ന വിശ്വസനീയമായ രാഷ്ട്രീയ സാധ്യത ഫലസ്തീനികള്‍ക്ക് നല്‍കാന്‍ കഴിയണം’ -ബോറെല്‍ പറഞ്ഞു.
ഗസ്സയിലെ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കണമെന്ന് യോഗത്തിനെത്തിയ ഫലസ്തീന്‍ പ്രതിനിധി റിയാദ് അല്‍മാലികി ആവശ്യപ്പെട്ടു. ഇനിയും നിരപരാധികളെ കുരുതി നടത്തുന്നത് തുടരാതിരിക്കാന്‍ ഇസ്രായേലിനു മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തണമെന്നും ഇല്ലാത്തപക്ഷം ഇനിയും മൃതദേഹങ്ങള്‍ എണ്ണുന്നത് തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.