കണ്ണൂര്‍: കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ കോള്‍ സെന്ററില്‍ വളന്റിയറായി തെന്നിന്ത്യന്‍ സിനിമാതാരം ആത്മീയ രാജന്‍.
ഇന്നലെ രാവിലെ 10 മണിയോടെ കോള്‍ സെന്ററില്‍ എത്തിയ താരം ആവശ്യക്കാരുടെ കോളുകള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു. നഴ്‌സിങ് ബിരുദധാരിയായ ആത്മീയ തന്റെ സഹപാഠികളൊക്കെ വിവിധ ആശുപത്രികളിലും സന്നദ്ധസേവന മേഖലയിലും സജീവമായപ്പോള്‍ തനിക്കും കടമ നിറവേറ്റണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് കോള്‍ സെന്ററിലെത്തിയതെന്നും ലോക് ഡൗണ്‍ സമയത്ത് കാള്‍ സെന്ററിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നും ആത്മീയ പറഞ്ഞു.
ജോസഫ്, അവിയല്‍ എന്നീ സിനിമകളിലൂടെ പ്രശസ്തയായ താരമാണ് ആത്മീയ. സിനിമ താരങ്ങളും മറ്റു പ്രമുഖരുള്‍പ്പടെയുള്ളവര്‍ വിവിധ ദിവസങ്ങളിലായി കോള്‍ സെന്ററിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മുതല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കോള്‍ സെന്ററില്‍ 4000 ത്തില്‍ പരം കോളുകള്‍ ആണ് ലഭിച്ചത്. ആയിരത്തോളം വീടുകളില്‍ മരുന്നുകളും സാധനങ്ങളും എത്തിക്കാനും കഴിഞ്ഞു.