ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ജോസ് വിഭാഗം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം. തോമസ് ചാഴികാടന്‍ എംപിയും എന്‍.ജയരാജ് എംഎല്‍എയുമാണ് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളോടാണ് ഇരുവരും പ്രതികരിച്ചത്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ.മാണി പക്ഷത്തെക്കൊണ്ട് രാജിവയ്പ്പിക്കാന്‍ യുഡിഎഫിന്റെ അവസാനവട്ട ശ്രമം തിങ്കളാഴ്ച നടക്കും. സ്ഥാനം രാജിവച്ചേ മതിയാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്തതിനാല്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ജില്ലാ പഞ്ചായത്തില്‍ അവിശ്വാസം കൊണ്ടുവന്നാലും പാസാകാന്‍ 12 പേരുടെ പിന്തുണ വേണം. കോണ്‍ഗ്രസും ജോസഫ് വിഭാഗവും കൂടി ചേര്‍ന്നാല്‍ പത്തുപേരാകും. പരസ്യ പ്രഖ്യാപനത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും ജോസഫുമായി ഫോണില്‍ സംസാരിച്ചു. തര്‍ക്കം തീര്‍ക്കാന്‍ നേതാക്കള്‍ രണ്ടുദിവസത്തെ സമയം കൂടി ചോദിച്ചു. ഒപ്പമുള്ള പലരും മറുപക്ഷത്തേക്ക് പോയെങ്കിലും കെ.എം മാണി പക്ഷം മല്‍സരിച്ച തദ്ദേശ നിയമസഭ സീറ്റുകളെല്ലാം അടുത്ത തിരഞ്ഞെടുപ്പിലും കിട്ടണമെന്നാണ് ജോസിന്റ ആവശ്യം.

Top