തിരുവനന്തപുരം: സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മഹിളാ അസോസിയേഷന് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ എം.സി. ജോസഫൈനെ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയായി നിയമിച്ച് ഉത്തരവായി.
യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നിയമിച്ച കെ.സി. റോസക്കുട്ടി കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം. കമീഷൻ അംഗം നൂർബിന റഷീദ് വിരമിക്കുന്ന ഒഴിവിലേക്ക് എം.എസ്. താരയെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു.
ചെയർപേഴ്സൺ ഉൾപ്പെടെ അഞ്ച് അംഗങ്ങളാണ് സംസ്ഥാന വനിത കമീഷനിലുള്ളത്. യു.ഡി.എഫ് കാലത്ത് നിയമിതയായ പ്രമീളാദേവി, ഡോ. ലിസി ജോസ്, എൽ.ഡി.എഫ് സർക്കാർ തന്നെ നിയമിച്ച ഷിജി ശിവജി എന്നിവരാണ് മറ്റ് അംഗങ്ങൾ. പ്രമീള ദേവിയുടെ കാലാവധി ജൂലൈയിലും ലിസി ജോസിന്റേത് സെപ്റ്റംബറിലും അവസാനിക്കും.
ജി.സി.ഡി.എ. ചെയര്‍പഴ്സണും വനിതാ വികസന കോര്പ്പറേഷന് ചെയര്‍പഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍ നിന്നു ബിരുദാനന്തരബിരുദം നേടി. വൈപ്പിന്‍ സ്വദേശിനിയാണ് ജോസഫൈന്.