സ്‌ക്വാഷില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം ജോഷ്‌ന ചിന്നപ്പ

ചെന്നൈ: സ്‌ക്വാഷില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരം ജോഷ്‌ന ചിന്നപ്പ. ഏഷ്യന്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ജോഷ്‌ന നേടിയത്.

ചെന്നൈയില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ഫൈനലില്‍ ദീപിക പള്ളിക്കലിനെ പരാജയപ്പെടുത്തിയാണ് ജോഷ്‌ന നേട്ടം സ്വന്തമാക്കിയത്.

അഞ്ച് ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോഷ്‌നയുടെ വിജയം. ആദ്യ ഗെയിം 13-15ന് ദീപിക നേടിയെങ്കിലും രണ്ടാം ഗെയിമില്‍ 12-10ന് ജോഷ്‌ന തിരിച്ചുവന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ ദീപിക വീണ്ടും 11-13ന് നേടി. പിന്നീട് നാലും അഞ്ചും ഗെയിമുകളില്‍ ദീപികയെ നിഷ്പ്രഭമാക്കി ജോഷ്‌ന വിജയിയാകുകയായിരുന്നു. 11-14 ആയിരുന്നു അവസാന രണ്ട് സെറ്റിലെയും സ്‌കോര്‍.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൗരവ് ഘോഷാലിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലില്‍ ഒന്നാം സീഡ് ഹോങ്കോങിന്റെ മാക്‌സ് ലീയാണ് സൗരവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: 11-5, 4-11,8-11,7-11.

Top