‘കടക്ക് പുറത്ത് ‘ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംഘടിതമായി ആക്രമിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും എതിരെ ആഞ്ഞടിച്ച് മാധ്യമ പ്രവർത്തകൻ ഷാനോസ് ഡേവിഡിന്റെ കിടിലൻ ഫേസ് ബുക്ക് പോസ്റ്റ്.
പിണറായിക്കിട്ട് പുളുത്താൻ നിങ്ങളായിട്ടില്ലന്നാണ് സഹപ്രവർത്തകരോടുള്ള മാധ്യമ പ്രവർത്തകന്റെ മുന്നറിയിപ്പ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:
തെക്കോട്ട് , അതായത് എന്റെയൊക്കെ നാട്ടിൽ ചോവൻ എന്നോ ഈഴവൻ എന്നോ വിളിക്കും . വടക്കോട്ട് , അതായത് ഞാനിപ്പോ ജോലി ചെയ്യുന്ന കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ തീയൻമാർ എന്നു വിളിക്കും . ജൻമം കൊണ്ട് ഈ ജാതിയിൽപ്പെട്ട ആളാണ് സഖാവ് പിണറായി വിജയൻ . പത്തെഴുപത് കൊല്ലം മുമ്പ് ജനിച്ച മനുഷ്യനാണ് . നായർ മുതൽ മുകളിലേക്കുള്ളവനെയെല്ലാം ഈഴവൻ മുതൽ താഴേക്കുള്ളവൻ നിർബന്ധമായും തമ്പ്രാനെന്ന് മാത്രമേ വിളിക്കാവൂ എന്ന ഉച്ച നീചത്വങ്ങൾ ഉണർന്നിരിക്കുന്ന ജാതി ശ്രേണീ ഘടന നിലനിൽക്കുന്ന കാലത്ത് ജനിച്ചയാളാണ് സഖാവ് പിണറായി എന്ന് ചുരുക്കം.
ഇക്കാലത്തെ മേൽ – കീഴ് ജാതികളുടെ സംഘർഷാത്മക ചരിത്രം വരച്ചുകാട്ടുന്ന കേശവദേവിന്റെ അയൽക്കാർ വായിച്ചാൽ മനസിലാകും നായരും അതിന് മുകളിലുള്ള ജാതികളും എത്ര ഭയാനകമായ സാമുഹൃ സാഹചര്യം സൃഷ്ടിച്ചു കൊണ്ടാണ് അക്കാലത്ത് നിലനിന്നിരുന്നതെന്ന് . കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ ഉദയം മുതലിന്നോളം തമ്പ്രാൻമാരോട് പടവെട്ടിത്തന്നെയാണ് മുന്നോട്ട് കുതിച്ചത് . ചെത്തുകാരന്റെ മകനായി ജനിച്ചതുകൊണ്ട് ഒരു പാട് തമ്പ്രാക്കൻമാരെയും അവരുടെ കൊള്ളരുതായ്മകളെയും ചോദ്യം ചെയ്യും എതിർത്ത് തോൽപ്പിച്ചും തല്ലിത്തോൽപ്പിച്ചും തന്നെയാണ് പൊതുരംഗത്ത് , വിശിഷ്യാ സി പി ഐമ്മിന്റെ നേതൃനിരയിലെ അതികായനായത് . പാർട്ടിക്കാർക്ക് , നാട്ടുകാർക്ക് , പൊതുജനത്തിന് പിണറായി എന്നാൽ സഖാവാണ് . അല്ലാതെ മാധ്യമ പ്രവർത്തകാ , നിങ്ങൾ പറയുന്ന തമ്പ്രാൻ എന്ന പദം പിണറായിയുടെ നെഞ്ചത്ത് നാട്ടേണ്ടതല്ലാ . നിങ്ങളുടെ തമ്പ്രാൻ വിളിക്ക് ഒരു വിപരീത സ്വരമുണ്ട് . അത് ഇത്ര കാലം തമ്പ്രാൻ എന്ന് സ്വയം ചിന്തിച്ച് വശായിപ്പോയതിന്റെ ഹാങ്ങ്ഓവർ റിയാക്ഷ്നാണ് . കുറച്ചേറെ “കടക്ക് പുറത്ത് ” പ്രതികരണങ്ങൾ കേൾക്കുമ്പോൾ ഇതങ്ങ് മാറിക്കോളും .
കേരളാ മാർച്ച് നടക്കുന്ന കാലത്ത് തന്റെ ചോദ്യത്തെ പരിഹസിച്ച പിണറായി വിജയൻ കേരളത്തിന്റെ മുഖ്യ മന്ത്രിയായാൽ താൻ ഈ പണി നിർത്തുമെന്ന് സഹപ്രവർത്തകർക്ക് മുമ്പിൽ ശപദം ചെയ്ത മാധ്യമ പ്രവർത്തകൻ ഇപ്പോഴും ഈ പണിയിൽ തന്നെ തുടരുന്നു എന്നത് ഓർമപ്പെടുത്തി അടുത്ത ഘട്ടത്തിലേക്ക് കടക്കാം . സഖാവ് ചടയൻ ഗോവിന്ദന്റെ മരണശേഷം സഖാവ് പിണറായി പാർട്ടി സെക്രട്ടറിയായ നാൾ മുതൽ ഇന്ന് വരെ നിങ്ങൾ എപ്പോഴാണ് പിണറായി വിജയന്റെ അപദാനങ്ങൾ പാടിയത് . അപദാനം വേണമെന്ന് ആരും ശഠിക്കില്ല , പക്ഷേ അപവാദം പ്രചരിപ്പിക്കരുതെന്ന് ആരും ആഗ്രഹിച്ച് പോകുമല്ലോ .
പക്ഷേ മാധ്യമ പ്രവർത്തകാ നിങ്ങൾ അടങ്ങിയിരുന്നോ . അടങ്ങിയിരുന്നില്ലെന്ന് മാത്രമല്ലാ വർധിത വീര്യത്തോടെ പത്ത് പതിനാറ് കൊല്ലക്കാലം ഇടതടവില്ലാതെ അപവാദ പ്രചാരണം തുടർന്നില്ലേ . മാധ്യമങ്ങളുടെ തലോടലേറ്റല്ല താനും തന്റെ പാർട്ടിയും മുന്നോട്ട് വന്നതെന്നും മുന്നോട്ട് പോകുന്നതെന്നും മനോരമയുടെ ന്യൂസ് മേക്കർ പുരസ്കാരം വാങ്ങവെ സഖാവ് പിണറായി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ് . വ്യാജ വാർത്താ നിർമിതികൾ കൊണ്ട് തകർക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഒരു ഫീനിക്സ് പക്ഷിയേപ്പോലെ പറന്നുയർന്ന ചരിത്രമാണ് പിണറായി സഖാവിനുളളത് . സർവ്വ സന്നാഹങ്ങളോടെയുമായിരുന്നു നിങ്ങളുടെ ആക്രമണം . ആ ആക്രമണം പാർട്ടി സെക്രട്ടറി പദവി മുതൽ കുടുംബത്തേക്ക് വരെ നീണ്ടു . പാർട്ടി എന്ന കാലാൾപ്പട മാത്രമായിരുന്നു സഖാവ് പിണറായിയുടെ പിൻബലം .
നിങ്ങൾ പടച്ചുണ്ടാക്കിയതിനെ നിങ്ങൾ തന്നെ മറന്നു കാണും . ധാർഷ്ട്യത്തിന്റെ പ്രതിരൂപമാക്കാൻ കണ്ടു പിടിച്ച ബ്രിൽ ക്രീം തേച്ച മുടിയിഴകൾ മുതൽ കമല ഇൻറർനാഷണൽ വരെ അത് നീണ്ടു . എന്നിട്ടും ഒരു ചുക്കും പിണറായിക്കോ പാർട്ടിക്കോ ഉണ്ടായില്ല . സാമാന്യയുക്തി ഉണ്ടെങ്കിൽ തോന്നാവുന്നതാണ് “മുഖ്യമന്ത്രി കസേര ” നിനക്കൊക്കെയുള്ള മറുപടിയാണെന്ന് . അങ്ങനെ തോന്നിയ ഒരാൾ പോലും ” കടക്ക് പുറത്ത് ” വാചകം കേൾക്കാൻ അവിടെ ഉണ്ടാകുമായിരുന്നില്ല .
മറ്റൊരു കൂട്ടരുടെ ഭീഷണിയാണ് രസകരം ; അഞ്ച് വർഷം കഴിഞ്ഞ് തന്നെ ഞങ്ങള് കാണിച്ചു തരാം എന്നത് … ഒരു പഞ്ചായത്ത് വാർഡിലെങ്കിലും ഒറ്റക്ക് നിന്ന് മത്സരിച്ച് ജയിക്കാനോ , മറ്റൊരാളെ ജയിപ്പിക്കാനോ കഴിയാത്ത വാചക മുതലാളിമാരായ മാധ്യമ പ്രവർത്തകനോട് എന്ത് പറയാനാ … എരുമയുടെ ആസനത്തിൽ അമരകോശം വായിക്കുന്നതു പോലെ നിരർഥകമായ പണിയാണെന്ന് ചുരുക്കം . താഴ്മയോടെ പറയട്ടെ , പിണറായിക്കിട്ട് പുളുത്താൻ നിങ്ങളായിട്ടില്ല കേട്ടോ …
ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാം . ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലക്ക് ഞാൻ എന്നോട് തന്നെ സംവദിക്കുന്ന ഒന്ന് . മാധ്യമ പ്രവർത്തനത്തിന്റെ/ മാധ്യമ പ്രവർത്തകന്റെ “പ്രിവിലേജ് പരസ്യമായി ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയത് അഭിഭാഷകരുമായുള്ള തെരുവിൽ തല്ലോടെയാണ് . ഞങ്ങൾ ഇക്കാലമത്രയും നിലകൊണ്ടത് പൊതുജനത്തിന് വേണ്ടിയാണെന്ന് അലമുറയിട്ടിട്ടും ഒരു കൈക്കുഞ്ഞ് പോലും അവരെ തല്ലരുതെന്ന് കൈ ചൂണ്ടി പറഞ്ഞില്ല .
കാരണം നമ്മൾ തന്നെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞതിന് മാധ്യമ സുഹൃത്തുക്കൾ എന്റെ നേരേ വാളോങ്ങുകയാണ് ചെയ്തത് . അതിന് ശേഷം ഇന്നോളമുള്ള കാര്യങ്ങൾ ഒന്ന് മനസിരുത്തി ചിന്തിച്ച് നോക്കൂ . എന്റെ വെറ്റിലയിൽ മഷി പുരട്ടിയപ്പോൾ കണ്ടതിങ്ങനെയാണ് …വക്കീലൻമാരുമായുണ്ടായ പ്രശ്നത്തിന് ശേഷം പൊതു സമൂഹത്തിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ബൗദ്ധിക സമൂഹത്തിൽ നല്ലൊരു ശതമാനവും മാധ്യമ പ്രവർത്തകർക്ക് എതിരാണ് … അതിൽ വലിയൊരളവ് സി പി എമ്മുകാരാണ് … മാധ്യമ പ്രവർത്തകർ സൃഷ്ടിച്ചെടുത്ത പിണറായി വിരുദ്ധത കണ്ടു മടുത്ത കൂട്ടരാണവർ … മാധ്യമ പ്രവർത്തകരുടെ വിശ്വാസ്യതയിൽ അവർക്ക് തരിമ്പും വിശ്വാസമില്ല … അതു കൊണ്ട് തന്നെ ” കടക്ക് പുറത്ത് ” എന്ന വാചകം സി പി ഐ എമ്മുകാരന് ഊർജം പകരുന്ന ഒന്നുതന്നെയാണ് …