പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി തമിഴ്‌നാട് പൊലീസും. പുതിയ നിയമത്തിനെതിരെ ചെന്നൈയില്‍ കോലമെഴുതി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലെ, ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭയാര്‍ത്ഥി ക്യാമ്പില്‍ അതിക്രമിച്ച് കയറിയെന്ന ക്യാമ്പ് ഓഫീസറുടെ പരാതിയിലാണ് കന്യാകുമാരി പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതായാണ് സൂചന. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ജി.കെ. ത്രിപാഠി അറിയിച്ചു.
ജൂനിയര്‍ വികടന്‍ മാസികയിലെ റിപ്പോര്‍ട്ടര്‍ സിന്ധു , ഫോട്ടോഗ്രാഫര്‍ രാംകുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്.
എന്നാല്‍ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ചെന്നൈയില്‍ ഇന്നലെ ഡിഎംകെ നേതാക്കള്‍ വീട്ടുമുറ്റത്ത് കോലമെഴുതി പ്രതിഷേധം നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് പൊലീസ് നടപടിയെന്നതും ശ്രദ്ധേയമാണ്. കര്‍ണാടക, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലും പ്രതിഷേധ കൂട്ടായ്മകള്‍ തുടരുമെന്നാണ് സൂചന.