കൊച്ചി: കോഴിക്കോട് ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചത് ഗവണ്‍മെന്റ് പ്ലീഡറാണെന്ന് റിപ്പോര്‍ട്ട്.
സര്‍ക്കാരിന്റെ പ്ലീഡറായ കെ.ആലിക്കോയയാണ് കോഴിക്കോട്‌നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസറായ എസ്.ഐ: പി.എം.വിമോദിനോട് മാധ്യമങ്ങളെ വിലക്കാന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍, ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തടഞ്ഞതെന്നായിരുന്നു എസ്.ഐ പറഞ്ഞത്. ഇത് ജില്ലാ ജഡ്ജി മൂസത് നിഷേധിക്കുകയും മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഹാജരാക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കാനാണ് നിര്‍ദ്ദേശിച്ചതെന്നുമായിരുന്നു ജഡ്ജി ഹൈക്കോടതിക്ക് നല്‍കിയ വിശദീകരണം.
അഭിഭാഷകരും മാധ്യമങ്ങളുമായി സംഘര്‍ഷം ഉണ്ടാവുമെന്ന് ഭയന്നാണ് ജില്ലാ ജഡ്ജി മാദ്ധ്യമങ്ങളെ കോടതി പരിസരത്ത് നിന്ന് നീക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് ആലിക്കോയ പൊലീസിന് നല്‍കിയ മൊഴി.
തന്റെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ആയിരുന്നു പൊലീസ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ പ്രശ്‌നം ഇതിലും വലുതായേനെ എന്നും ആലിക്കോയ പൊലീസിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആലിക്കോയയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് ഡി.ജി.പിക്ക് ശനിയാഴ്ച തന്നെ കൈമാറി. മാധ്യമങ്ങളെ ഒഴിവാക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന ജഡ്ജിയുടെ നിലപാടിനെ ഖണ്ഡിക്കുന്നതാണ് ആലിക്കോയയുടെ മൊഴി.
ഏഷ്യാനെറ്റിന്റെ ഓബിവാന്‍ കോടതി കോമ്പൗണ്ടില്‍ നിറുത്തി റിപ്പോര്‍ട്ടറും കാമറാ സംഘവും കോടതിസമുച്ചയത്തിലേക്ക് നടന്നു നീങ്ങുന്നതിനിടയിലാണ് ടൗണ്‍ എസ്.ഐ പി.എം. വിമോദ് ഇവരെ തടഞ്ഞു നിറുത്തിയത്.
ഇതിനെ ചോദ്യംചെയ്ത ഏഷ്യാനെറ്റ് ബ്യൂറോചീഫ് ബിനുരാജിനെ എസ്.ഐ കഴുത്തിന് കുത്തിപ്പിടിച്ച് തള്ളുകയായിരുന്നു. ബിനുരാജിനെയും കൂടെയുണ്ടായിരുന്ന കാമറാമാന്‍ അഭിലാഷ്, ടെക്‌നിഷ്യന്‍ അരുണ്‍, ഡ്രൈവര്‍ ജയപ്രകാശ് എന്നിവരെയും ജീപ്പിലേക്ക് തള്ളിക്കയറ്റി ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയും സഹപ്രവര്‍ത്തകരെപ്പോലും ബന്ധപ്പെടാന്‍ അനുവദിക്കാതെ ഒരു മണിക്കൂറോളം സ്‌റ്റേഷനില്‍ അടച്ചിടുകയും ചെയ്തു.