മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകന് ക്രൂര മര്‍ദനം

മലപ്പുറം: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ല സെക്രട്ടറിയും മാധ്യമം റിപ്പോര്‍ട്ടറുമായ കെപിഎം റിയാസിനെ അന്യായമായി പൊലീസ് മര്‍ദിച്ചതില്‍ കെ.യു.ഡബ്ലിയു.ജെ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. റിയാസ് വീടിന്റെ തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് തിരൂര്‍ സിഐ ഫര്‍സാദിന്റെ അതിക്രമം.

കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു റിയാസ്. അതേസമയം അവിടെയെത്തിയ പൊലീസ് സംഘം വാഹനം നിര്‍ത്തി കടയിലേക്ക് കയറുകയും സിഐയുടെ നേതൃത്വത്തില്‍ റിയാസിനെ ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞപ്പോള്‍ ‘നീ ഏത് മറ്റവന്‍ ആയാലും വേണ്ടിയില്ല ഞാന്‍ സി ഐ ഫര്‍സാദ് ആണ് ആരോടെങ്കിലും ചെന്ന് പറ’ എന്ന് അധിക്ഷേപിക്കുകയും ചെയ്തു. കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തൊളിലും പൊട്ടലുണ്ട്. ലാത്തിയടിയേറ്റ റിയാസ് ആശുപത്രിയില്‍ ചികിത്സതേടി. പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. കര്‍ശന നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

 

 

Top