മന്ത്രി റിയാസ് ഉടന്‍ ജയസൂര്യയെ ചിറാപുഞ്ചിക്ക് അയക്കണം, ഒന്നു യാത്ര ചെയ്തിട്ടു വരട്ടെ . .

ചിറാപുഞ്ചി: മഴ പെയ്യുന്നതാണ് കേരളത്തിലെ റോഡുകള്‍ തകര്‍ന്നു പോകാന്‍ കാരണമെന്ന മന്ത്രി റിയാസിന്റെ വാദത്തെ എതിര്‍ത്ത് ചിറാപ്പുഞ്ചിയെ ഉദാഹരണമാക്കി കാട്ടിയ ജയസൂര്യയ്ക്ക് ചിറാപ്പുഞ്ചിയില്‍ നിന്നും ഒരു ക്ഷണം.

പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉടന്‍ നടന്‍ ജയസൂര്യയെ ചിറാപുഞ്ചിയിലേക്ക് അയക്കണം. വേറേ ഒന്നിനുമല്ല, ചിറാപുഞ്ചിയിലെ റോഡ് വഴി ഒന്നു യാത്ര ചെയ്തു വരാനാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ കെ എസ് സുധി തന്റെ ഫേസ്ബുക്കിലാണ് കുറിച്ചിരിക്കുന്നത്.

എപ്പോഴും മഴയില്ലാതിരുന്നിട്ട് പോലും, വഴിയിലെ കുഴികളും, കല്ലിളകിയ ഇടങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന കറുത്ത നിറമുള്ള, നേര്‍ത്ത ഒരു പാട. അതും അധികം തുടര്‍ച്ചയില്ലാത്ത ഒരു വസ്തുവാണ് ഇവിടെ റോഡ് എന്ന സങ്കല്പമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മാത്രമല്ല, മന്ത്രി സമ്മതിച്ചുവെന്നാലും, ഒന്നു കൂടി ആലോചിച്ചിട്ടു മതി ജയസൂര്യ അങ്ങോട്ടു പോകുന്നത് എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഏട്ടിലെ ചിറാപുഞ്ചിയില്‍ മഴ പെയ്യാതെ തന്നെ കാര്യങ്ങള്‍ കുഴപ്പത്തിലാണെന്ന് സുധി തന്റെ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ചിറാപുഞ്ചിയിലെ ജയസൂര്യ

പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉടന്‍ നടന്‍ ജയസൂര്യയെ ചിറാപുഞ്ചിയിലേക്ക് അയക്കണം.

വേറേ ഒന്നിനുമല്ല, ചിറാപുഞ്ചിയിലെ റോഡ് വഴി ഒന്നു യാത്ര ചെയ്തു വരാന്‍.

നിരന്തരം മഴ പെയ്യുന്നതാണ് കേരളത്തിലെ റോഡുകള്‍ തകര്‍ന്നു പോകാന്‍ കാരണമെന്ന് പറയുന്നതിനെ ഖണ്ഡിച്ചു കൊണ്ടാണ് നടന്‍ ജയസൂര്യ, മോശം റോഡിനു മഴയെ കുറ്റം പറഞ്ഞാല്‍ എപ്പോഴും മഴ പെയ്യുന്ന ചിറാപുഞ്ചിയിലെ സ്ഥിതി എന്തായിരിക്കും എന്നു മന്ത്രി കൂടിയുള്ള സദസ്സില്‍ വച്ചു ചോദിച്ചത്.

ജയസൂര്യ പറഞ്ഞ ചിറാപുഞ്ചിയിലെ റോഡിലൂടെ ഏതാനും മണിക്കൂറുകള്‍ മുന്‍പ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത ക്ഷീണം ഇനിയും മാറിയിട്ടില്ല.

ചിറാപുഞ്ചിയിലെ റോഡിന്റെ സ്ഥിതി എന്നു പറഞ്ഞു തുടങ്ങുന്നതിനു മുന്‍പ് അവിടെ ഉള്ളത് എന്താണ് എന്നു പറയുന്നതാണ് എളുപ്പം.

അവിടെയിപ്പോള്‍ എപ്പോഴും മഴയില്ല. വഴിയിലെ കുഴികളും, കല്ലിളകിയ ഇടങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന കറുത്ത നിറമുള്ള, നേര്‍ത്ത ഒരു പാട. അതും അധികം തുടര്‍ച്ചയില്ലാത്ത ഒരു വസ്തുവാണ് ഇവിടെ റോഡ് എന്ന സങ്കല്പം.

ആകെ റോഡ് എന്ന സങ്കല്‍പത്തിനു വീതി മൂന്നു മീറ്റര്‍ വന്നേക്കും. അതിന്റെ ഇരു വശങ്ങളിലും പാകിയ കല്ലുകള്‍ പോലും അടര്‍ന്നു അകന്നു പോയി മണ്ണു തെളിഞ്ഞു കാണാം.

സോറ എന്നു നാട്ടുകാര്‍ വിളിക്കുന്ന, നമ്മെളെല്ലാം ചിറാപുഞ്ചി എന്നു വിളിക്കുന്ന സ്ഥലത്ത് നിന്നു ഷില്ലോംഗിലേ ഹൈവെയിലേക്ക് പോകുന്ന, ചിറാപുഞ്ചിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുന്നിലൂടെ കടന്നു പോകുന്ന, നാലര കിലോമീറ്റര്‍ നീളമുള്ള പ്രധാന പാതയാണ് ഈ കറുത്ത് ഇടവിട്ടുള്ള പാട.

ഈ പാടയില്‍ പരമാവധി അനുവദനീയമായ വേഗത 30 കിലോമീറ്റര്‍ ആണ്.

കൊച്ചിയിലെ പൊട്ടി പൊളിഞ്ഞ റോഡ് റിപ്പയര്‍ ചെയ്യാന്‍ ഒരു രാത്രി ജയസൂര്യ മുന്നിട്ടിറങ്ങിയത് പൊലെ ചിറാപുഞ്ചിയിലെ ലോക്കല്‍ ജയസൂര്യക്ക് കഴിയില്ല.

കാരണം അവിടെ റിപ്പയര്‍ അല്ല സാധ്യം. റോഡ് ഉണ്ടെങ്കില്‍ അല്ലേ റിപ്പയര്‍ പറ്റൂ. പുതിയതായി റോഡ് ഇടുകയാവും അവിടെ എളുപ്പം.

ജയസൂര്യയെ ചിറാപുഞ്ചിയിലേക്ക് അയക്കണം എന്നു പറഞ്ഞത് പൊട്ടിപ്പൊളിഞ്ഞ കേരളത്തിലെ റോഡ് പണി നടത്താതിരിക്കാനോ, അല്ലെങ്കില്‍ പൊട്ടി പൊളിഞ്ഞ റോഡ് അത്ര മോശം പൊട്ടി പൊളിയല്‍ അല്ലായെന്നു പറയാനോ അല്ല.

പൊട്ടി പൊളിഞ്ഞ റോഡ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യ അവകാശ നിഷേധമായി കാണുകയും ആ അവകാശം പുനഃസ്ഥാപിക്കാന്‍ ഉള്ള നടപടി എടുക്കുകയും വേണം, കേരളത്തിലും അങ്ങു ചിറാപുഞ്ചിയിലും.

എപ്പോഴും മഴയുള്ള ഇടം എന്നു പണ്ടത്തെ പാഠപുസ്തകത്തില്‍ ചിറാപുഞ്ചിയെ കുറിച്ചു പറഞ്ഞ കാര്യം പണ്ടത്തെ കാര്യമാണ്. ഏട്ടിലെ ചിറാപുഞ്ചിയില്‍ പഴയത് പോലെ മഴയില്ല.
ഉണങ്ങിയ പുല്ലിന്റെ നരച്ച മഞ്ഞച്ച നിറമാണ് എങ്ങും. കുന്നിന്‍ ചരിവുകളില്‍ പുല്‍ത്തട്ടുകള്‍ തീപിടിച്ചതിന്റെ ബാക്കിയെന്നോണം കറുത്ത കരി പടര്‍ന്നു നില്‍പ്പുണ്ട്.
കാറ്റില്‍ തണുപ്പുണ്ട് ഉച്ച നേരത്തു പോലും. ഇന്നാകെ ചിറാപുഞ്ചിയില്‍ പെയ്തത് മഴയെന്നു വിളിക്കാന്‍ പോലുമില്ലാത്ത, ഏതാനും മിനിറ്റുകള്‍ മാത്രം പെയ്ത ഒരു ദുര്‍ബലമായ ചാറ്റല്‍ മഴയാണ്.

മഴയൊഴിഞ്ഞ ചിറാപുഞ്ചിയിലെ തണുപ്പ് മതിയാകുമായിരുന്നില്ല,നടുവൊടിച്ച ദുര്‍ഘട യാത്രയുടെ ക്ഷീണം മാറ്റാന്‍.

മന്ത്രി സമ്മതിച്ചുവെന്നാലും, ഒന്നു കൂടി ആലോചിച്ചിട്ടു മതി ജയസൂര്യ അങ്ങോട്ടു പോകുന്നത് എന്നാണ് ഇപ്പോള്‍ തോന്നുന്നത്. ഏട്ടിലെ ചിറാപുഞ്ചിയില്‍ മഴ പെയ്യാതെ തന്നെ കാര്യങ്ങള്‍ കുഴപ്പത്തിലാണ്.

മഴയില്ലാത്ത ചിറാപുഞ്ചിയില്‍ പൊട്ടി പൊളിഞ്ഞ റോഡിലെ കുഴിക്ക് അരികില്‍ ക്യാമറാമാന്‍ പോലും ഇല്ലാതെ കെ. എസ്. സുധി.

Top