ബാബറി മസ്ജിദ് തകർത്തത് നരസിംഹറാവു അറിഞ്ഞ് കൊണ്ട്, ഞെട്ടുന്ന വെളിപ്പെടുത്തൽ

ലക്‌നൗ: രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കുരുതിക്കും കാരണമായ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് അന്നത്തെ പ്രധാനമന്ത്രിയുടെ അറിവോടെ !

കോണ്‍ഗ്രസ്സ് ഇതര പ്രതിപക്ഷം പ്രത്യേകിച്ച് സി.പി.എം രാഷ്ട്രീയമായി ഉന്നയിച്ച ആരോപണങ്ങളെ ശരിവച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നിസാരകാരനല്ല, രാജ്യം കണ്ട ഏറ്റവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരാണ്.

ആര്‍.എസ്.എസിന്റെ അതേ നിലപാടായിരുന്നു കോണ്‍ഗ്രസ്സ് നേതാവായ നരസിംഹറാവുവിനെന്നും ബാബറി മസ്ജിദ് തകര്‍ക്കാന്‍ അദ്ദേഹം മൗനാനുവാദം നല്‍കുകയാണ് ചെയ്തതെന്നും കുല്‍ദീപ് നയ്യാര്‍ ചൂണ്ടിക്കാട്ടി.

1992 ഡിസംബര്‍ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നത്. പളളി നില്‍ക്കുന്ന സ്ഥലം രാമജന്മ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ജിദ് പൊളിച്ചത്.

അയോധ്യയില്‍ ഒത്തുചേര്‍ന്ന ആയിരക്കണക്കിനു കര്‍സേവകര്‍ മസ്ജിദ് തകര്‍ക്കുകയായിരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ട് ഒരു മാസത്തിനുശേഷം ഭൂമി അവകാശത്തെച്ചൊല്ലി കേസ് ആരംഭിക്കുകയും ചെയ്തു.

തുടര്‍ന്ന് 2010ല്‍ 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം മൂന്നു കൂട്ടര്‍ക്കായി കൈമാറാന്‍ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു.

2.77 ഏക്കര്‍ ഭൂമിയുടെ മൂന്നില്‍ ഒന്നു നിര്‍മോഹി അഖാരയ്ക്കും മൂന്നിലൊന്നു രാംലാലയ്ക്കും ബാക്കി മൂന്നിലൊന്ന് വഖഫ് ബോര്‍ഡിനും കൈമാറാനായിരുന്നു തീരുമാനം. എന്നാല്‍, ഈ വിധി 2011 മേയ് ഒന്‍പതിനു സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

Top