ഗൗരി ലങ്കേഷ് വധം; വെടിയുതിര്‍ത്ത ആള്‍ അറസ്റ്റിലായെന്ന് കര്‍ണാടക പൊലീസ്

gouri lankesh

ബംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്ത ആള്‍ അറസ്റ്റിലായെന്ന് കര്‍ണാടക പൊലീസ്. മറാത്തി സംസാരിക്കുന്ന പ്രതിയെ മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

പ്രതിയെ പിടികൂടിയത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുകയുള്ളൂവെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദൃശ്യങ്ങളിലെ പ്രതികളുമായി പൊരുത്തപ്പെടുന്ന ആളാണ് പിടയിലായതെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ പൊലീസ് തയ്യാറാക്കിയിരുന്നു.

കെ.ടി നവീന്‍കുമാര്‍ എന്ന ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാവരും.

Top