മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം; പ്രതികളായ പൊലീസുകാര്‍ ഒളിവില്‍

അമരാവതി: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ പൊലീസുകാര്‍ ഉത്തരേന്ത്യയിലേക്ക് കടന്നതായി സംശയം. ഇവരെ പിടികൂടുന്നതിനായി അന്വേഷണസംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. മുഖ്യപ്രതി വെങ്കട് സുബയ്യയെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയെന്ന് ഡിജിപി ഉത്തരവിറക്കി.

പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ നന്തിയാലിലാണ് നടുക്കുന്ന സംഭവമുണ്ടായത്. നന്തിയാല്‍ ടൗണ്‍ പൊലീസിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും മാഫിയ ബന്ധങ്ങളെക്കുറിച്ചും വാര്‍ത്താപരമ്പര ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. പ്രദേശിക ടിവി ചാനലിലെ റിപ്പോര്‍ട്ടറായ ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വാര്‍ത്താ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കാനെന്ന് പറഞ്ഞാണ് ഞായറാഴ്ച വൈകിട്ട് ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചത്.

പൊലീസുകാരായ വെങ്കട്ട് സുബയ്യ, കിഷന്‍ എന്നിവര്‍ ചേര്‍ന്ന് കേശവലുവിനെ സ്റ്റേഷനിലിട്ട് മര്‍ദിച്ചു. ഖനിഉടമകളായ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി സ്വകാര്യ വാനില്‍ സമീപത്തെ ഗോഡൗണില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സ്‌ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ മൃതദേഹം തള്ളി. ഞായറാഴ്ച മുതല്‍ കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം പുലര്‍ച്ചയോടെ കണ്ടത്തി.

രാജ്യാന്തര മാധ്യമസംഘടനയായ ഇന്റര്‍നാഷ്ണല്‍ പ്രെസ് ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെ കര്‍ണൂല്‍ എസ്പി സുധീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കൊലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

 

Top